ജയസൂര്യയെ നായകനാക്കി സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഓപ്പറേഷൻ ത്രാൾ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കശ്മീരിലെ ത്രാൾ ഏറ്റുമുട്ടലും തുടർന്നുള്ള എൻഐഎ അന്വേഷണവുമാണ് പ്രമേയം.

ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ-ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ൻ്റെ ടീസർ പുറത്തിറങ്ങി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രത്തിൻ്റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഓപ്പറേഷൻ ത്രാൾ’. എൻ.ഐ.എ ഓഫീസറായാണ് ജയസൂര്യ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സായുധ സേനയും തീവ്രവാദികളും തമ്മിൽ നടന ശ്രദ്ധേയമായ ഏറ്റുമുട്ടലുകളും തുടർന്നുള്ള രഹസ്യാന്വേഷണങ്ങളിലേക്കും സൂചന നൽകുന്നതാണ് ടീസർ. ചിത്രത്തിൻ്റെ വിശാലമായ ലോകവും സംഘർഷഭരിതമായ അന്തരീക്ഷവും ടീസറിൽ കാണാം. കഥയിലെ നിർണായക വിവരങ്ങളൊന്നും വെളിപ്പെടുത്താതെയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. സംഭവത്തിൻ്റെ യാഥാർഥ്യം, അന്വേഷണം എങ്ങോട്ടാണ് നീളുന്നത്, അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന സത്യമെന്താണ് തുടങ്ങി നിരവധി ചോദ്യങ്ങൾ പ്രേക്ഷകരിൽ അവശേഷിപ്പിച്ചുകൊണ്ടാണ് ടീസർ അവസാനിക്കുന്നത്.

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സിനിമയാണ് ‘ഓപ്പറേഷൻ ത്രാൾ’. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്ന ഓഫീസറിലൂടെയാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ട് പോകുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് എൻ.ഐ.എ ഓപ്പറേഷനുകളുടെ സങ്കീർണതകളും അപകടങ്ങളും ചിത്രം അവതരിപ്പിക്കുന്നു. സത്യത്തിലേക്കുള്ള അന്വേഷണം അപകടം നിറഞ്ഞ ദൗത്യമായി മാറുന്ന കഥയാണ് ‘ഓപ്പറേഷൻ ത്രാൾ’ അവതരിപ്പിക്കുന്നത്.

തീവ്രമായ അന്വേഷണ രംഗങ്ങൾക്കൊപ്പം ആക്ഷൻ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ജയസൂര്യയുടെ വേറിട്ടൊരു ആക്ഷൻ അവതാരമാണ് കാണാനാകുക. എൻ.ഐ.എ ഓപ്പറേഷനും അന്വേഷണവും ഹൈ-സ്റ്റേക്സ് ആക്ഷനും ഒരുമിക്കുന്ന കഥയുടെ കേന്ദ്രബിന്ദുവായി ജയസൂര്യയുടെ കഥാപാത്രം മാറുന്നു. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മുസ്സൂറി, ലഡാക്ക് എന്നിവിടങ്ങളിലായാണ് ‘ഓപ്പറേഷൻ ത്രാൾ’ വിപുലമായി ചിത്രീകരിച്ചിരിക്കുന്നത്. പാൻ-ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ്. രചനയും സംവിധാനവും നിർവഹിക്കുന്നതിനൊപ്പം ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് രതീഷ് വേഗ തന്നെയാണ്.

Operation Tral - Official Teaser Malayalam | Jayasurya | Ritika Singh | Ratheesh Vega | Joby George

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ശർമ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, നന്ദലാൽ കൃഷ്ണമൂർത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, സിറാജുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൻ്റെ പാൻ-ഇന്ത്യൻ താരനിരയുടെ ഭാഗമായി ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാർ, യഷ് പാൽ ഗേര, മിർ സർവർ, ചന്ദൻ ബിഷ്ത്, ഹൻസിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂർ, വിജയ് ത്രിവേദി, മൻഹർ സിംഗ് ട്രിവിയ എന്നിവരും ചിത്രത്തിലുണ്ട്.

‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിൻ്റെ സന്തതികൾ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ‘ഓപ്പറേഷൻ ത്രാൾ’ നിർമ്മിക്കുന്നത്. സുനിമോൾ ജോബി സഹനിർമ്മാതാവാണ്. നജോസ് ആണ് ഛായാഗ്രഹണം. ഷഫീഖ് വി.ബി. എഡിറ്റിംഗും, നോബിൾ ജേക്കബ് പ്രോജക്ട് ഡിസൈനും, സജീഷ് താമരശ്ശേരി പ്രൊഡക്ഷൻ ഡിസൈനും, സുനീഷ് സോദരൻ ആർട്ട് ഡയറക്ഷനും നിർവഹിക്കുന്നു. സമീറ സനീഷ്, സരിത ജയസൂര്യ എന്നിവർ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുന്നു.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പുറത്തിറങ്ങിയ ടീസറിലൂടെ, ‘ഓപ്പറേഷൻ ത്രാൾ’ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലറെന്ന നിലയിൽ ആകാംക്ഷയുണർത്തുകയാണ്. കഥയിലെ നിർണായക വിവരങ്ങൾ വെളിപ്പെടുത്താതെ, അന്വേഷണത്തിൻ്റെ തുടക്കത്തിലേക്കാണ് ടീസർ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഓരോ സൂചനയും സത്യത്തിലേക്ക് അടുപ്പിക്കുന്നതിനൊപ്പം കൂടുതൽ അപകടത്തിലേക്കും നയിക്കുന്ന ഒരു ലോകമാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്.

പാൻ-ഇന്ത്യൻ റിലീസിനായി ഒരുങ്ങുന്ന ‘ഓപ്പറേഷൻ ത്രാൾ’ൻ്റെ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ടീസർ. ഒരു ത്രില്ലിംഗ് സിനിമാറ്റിക് അനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming