അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ബിഗ് ബി'യുടെ രണ്ടാംഭാഗമായ 'ബിലാലി'ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജീന്‍ പോള്‍ ലാല്‍. മമ്മൂട്ടിക്കൊപ്പം 'ബിഗ് ബി'യില്‍ ഉണ്ടായിരുന്ന മംമ്ത മോഹന്‍ദാസ്, മനോജ് കെ ജയന്‍, ബാല എന്നിവരൊക്കെ 'ബിലാലി'ലും എത്തുന്നുണ്ട്. ഒപ്പം ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില കഥാപാത്രങ്ങളും താരങ്ങളും ഉണ്ടാവും. 

അരുണ്‍കുമാര്‍ അരവിന്ദിന്റെ സംവിധാനത്തില്‍ കഴിഞ്ഞ നവംബറില്‍ പുറത്തെത്തിയ 'അണ്ടര്‍വേള്‍ഡി'ല്‍ ജീന്‍ പോള്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. േ്രഗ ഷെയ്ഡ് ഉള്ള സോളമന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇത് പ്രേക്ഷകപ്രീതിയും നേടിയിരുന്നു. പൃഥ്വിരാജും സുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സച്ചിയുടെ തിരക്കഥയിലെത്തിയ 'ഡ്രൈവിംഗ് ലൈസന്‍സ്' ആണ് ജീന്‍ പോള്‍ സംവിധാനം ചെയ്ത അവസാന ചിത്രം. ബോക്‌സ്ഓഫീസില്‍ വിജയമായിരുന്നു ചിത്രം. അച്ഛന്‍ ലാലിനൊപ്പം ചേര്‍ന്ന് 'സുമാനി' എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കുകളിലാണ് അദ്ദേഹമിപ്പോള്‍.

 

അതേസമയം ബിലാല്‍ വൈകാതെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമല്‍ നീരദ് അനൗണ്‍സ് ചെയ്തത് മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പുള്ള ചിത്രമാണ് 'ബിലാല്‍'. 'വരത്തനാ'ണ് അമല്‍ നീരദിന്റെ സംവിധാനത്തില്‍ അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ അന്‍വര്‍ റഷീദിന്റെ 'ട്രാന്‍സി'ന് ഛായാഗ്രഹണം നിര്‍വ്വഹിച്ചതും അമല്‍ ആയിരുന്നു.