ഇന്ത്യൻ ചലച്ചിത്രലോകത്തെ ഇതിഹാസ നടൻ ഋഷി കപൂര്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്നാണ് ഋഷി കപൂറിന്റെ മരണം. ഞെട്ടലോടെയാണ് ഇന്ത്യൻ ചലച്ചിത്ര ലോകം ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടത്. ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത് മലയാളി സംവിധായകൻ ജീത്തു ജോസഫിന്റെ ചിത്രത്തിലാണ്. ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ജീത്തു ജോസഫ് രംഗത്ത് എത്തി.

എപ്പോഴും മിസ് ചെയ്യും എന്നാണ് ജീത്തു ജോസഫ് എഴുതിയിരിക്കുന്നത്. ഋഷി കപൂറിന്റെ ബുക്കിന്റെ ഫോട്ടോയും ജീത്തു ജോസഫ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഋഷി കപൂറിന്റെ വിയോഗത്തില്‍ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ദ ബോഡി എന്ന സിനിമയിലാണ് ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത്. ഇമ്രാൻ ഹാഷ്‍മിയും പ്രധാന കഥാപാത്രമായി എത്തിയ ദ ബോഡി ജീത്തു ജോസഫിന്റെ ആദ്യത്തെ ഹിന്ദി ചിത്രവുമായിരുന്നു.