അന്ന് അതിപ്രശസ്തനായിരുന്ന സഹതാരം വിജയ്‌യെ കാണാൻ ഷൂട്ടിംഗ് സെറ്റിൽ തടിച്ചുകൂടിയ നൂറുകണക്കിന് ആരാധകരെ കണ്ട് താൻ ശരിക്കും അത്ഭുതപ്പെട്ടുപോയെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. ‘Hundreds of people would come on Thamizhan sets to watch him dance' says Priyanka Chopra on Vijay
ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിന് പുറമെ ഹോളിവുഡിലും സജീവമായ പ്രിയങ്ക 2000 ത്തിൽ മിസ് വേൾഡ് ജേതാവായിരുന്നു. തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സിനിമയിൽ പ്രിയങ്ക അരങ്ങേറ്റം കുറിക്കുന്നത്. വിജയ് നായകനായ തമിഴൻ എന്ന ചിത്രമായിരുന്നു പ്രിയങ്കയുടെ ആദ്യ ചിത്രം. ചിത്രത്തെ കുറിച്ചും സിനിമയുടെ ചിത്രീകരണ സമയത്തുള്ള വിജയ്‌യുടെ ആരാധകരെ കുറിച്ചും പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
പ്രശസ്തിയിലേക്കുള്ള തന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു തമിഴൻ എന്നും ഷൂട്ടിങ് സെറ്റിലെത്തിയപ്പോൾ നൂറ് കണക്കിന് വിജയ് ആരാധകരെയാണ് താൻ കണ്ടതെന്നും പ്രിയങ്ക ചോപ്ര പറയുന്നു. "പ്രശസ്തിയിലേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു തമിഴന്‍ എന്ന സിനിമ. എന്റെ സഹനടന്‍ വിജയ് അതി പ്രശസ്തനാണ്. ഞാന്‍ സെറ്റില്‍ ചെല്ലുമ്പോള്‍ നൂറ് കണക്കിന് പേര്‍ അദ്ദേഹത്തെ ഒന്ന് കാണാനും അദ്ദേഹത്തിന്റെ ഡാന്‍സ് കാണാനും തടിച്ചുകൂടിയിട്ടുണ്ടാകും. എന്റെ ആദ്യത്തെ സിനിമയായിരുന്നു. കാമറയ്ക്ക് പിന്നില്‍ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. തിയേറ്ററില്‍ കാണുന്നത് തന്നെയാണ് അന്ന് അവിടേയും കണ്ടത്. അദ്ദേഹത്തിന്റെ ആരാധകൂട്ടത്തെ കണ്ടപ്പോള്‍ അദ്ദേഹം അനുഭവിക്കുന്നത് ദൈവതുല്യമായ ഫീലിങ് ആയിരിക്കുമെന്ന് തോന്നി. പ്രത്യേകിച്ചും ഇന്ത്യയില്‍, ജനങ്ങള്‍ താരങ്ങളേയും സിനിമകളേയും പാഷനോടെയാണ് സ്‌നേഹിക്കുക." പ്രിയങ്ക ചോപ്ര പറയുന്നു. ഒരു പോഡ്കാസ്റ്റിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
അതേസമയം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും പൃഥ്വിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന പ്രതിനായക കഥാപാത്രയാണ് പൃഥ്വി ചിത്രത്തിൽ എത്തുന്നത്.


