2003ല്‍ പുറത്തെത്തിയ ഹോളിവുഡ് റൊമാന്റിക് കോമഡി ചിത്രം ഗിഗ്ലിയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സ്നേഹ, സൌഹൃദങ്ങള്‍ക്കു പിന്നാലെ വിവാഹിതരായി അമേരിക്കന്‍ ഗായിക ജെന്നിഫര്‍ ലോപ്പസും (Jennifer Lopez) ഹോളിവുഡ് നടനും സംവിധായകനുമായ (Ben Affleck) ബെന്‍ അഫ്ലെക്കും. ശനിയാഴ്ച രാത്രി ലാസ് വെഗാസിലെ ഒരു ഡ്രൈവ്-ത്രൂ ചാപ്പലില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും ജീവിതത്തില്‍ പുതിയ തുടക്കം കുറിച്ചത്. ഞായറാഴ്ച ആരാധകര്‍ക്കുവേണ്ടി പുറത്തിറക്കിയ ന്യൂസ്‍ലെറ്ററിലൂടെ ജെന്നിഫര്‍ തന്നെയാണ് വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
സ്നേഹം മനോഹരമാണ്. സ്നേഹം കരുണയുള്ളതാണ്, സ്നേഹം ക്ഷമയുള്ളതാണ്. ഇരുപത് വര്‍ഷത്തിന്‍റെ ക്ഷമ, ജെന്നിഫര്‍ കുറിച്ചു. ജെന്നിഫര്‍ ലിന്‍ അഫ്ലെക് എന്ന പേരിലാണ് കുറിപ്പിനു താഴെ അവര്‍ സ്വന്തം പേര് കുറിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ചടങ്ങുകള്‍ക്കായി ലാസ് വെഗാസിലേക്ക് എത്തിയതെന്നും ചാപ്പലില്‍ തങ്ങളുടെ ഊഴം കാത്ത് മറ്റു നാല് ജോഡികള്‍ക്കൊപ്പം കാത്തുനിന്നെന്നും ജെന്നിഫര്‍ കുറിച്ചു. കൈയില്‍ കരുതിയ ബ്ലൂടൂത്ത് സ്പീക്കറിലെ ഗാനം കേട്ടുകൊണ്ടാണ് തങ്ങളുടെ പേര് വിളിച്ചപ്പോള്‍ അവിടേക്ക് നടന്നതെന്നും.
2003ല്‍ പുറത്തെത്തിയ ഹോളിവുഡ് റൊമാന്റിക് കോമഡി ചിത്രം ഗിഗ്ലിയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ചിത്രത്തിലെ നായികാ നായകന്മാരായിരുന്നു. ഡേറ്റിംഗ് ആരംഭിച്ചതിനു പിന്നാലെ 2003ല്‍ വിവാഹിതരാവാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ഉപേക്ഷിക്കുന്നുവെന്നും തങ്ങള്‍ ക്കിടയിലെ ബന്ധം അവസാനിച്ചുവെന്നും 2004ല്‍ ഇവര്‍ പ്രഖ്യാപിച്ചു.
52 കാരിയായ ജെന്നിഫറിന്‍റെ നാലാം വിവാഹമാണ് ഇത്. 49 കാരനായ ബെന്നിന്‍റെ രണ്ടാം വിവാഹവും. നടന്‍ ഒജാനി നോവ, നര്‍ത്തകന്‍ ക്രിസ് ജൂഡ്, ഗായകന്‍ മാര്‍ക് ആന്‍റണി എന്നിവരാണ് ജെന്നിഫര്‍ ലോപ്പസിന്റെ മുന്‍ ഭര്‍ത്താക്കന്മാര്‍. മാര്‍ക്കുമായുള്ള ബന്ധത്തില്‍ 14 വയസ്സുള്ള രണ്ട് ഇരട്ടക്കുട്ടികളുമുണ്ട്. നടി ജെന്നിഫര്‍ ഗാര്‍ണര്‍ ആണ് ബെന്‍ അഫ്ലെക്കിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്.
ALSO READ : ചിരഞ്ജീവിയുടെ വീട്ടില്‍ 'ലാല്‍ സിംഗ് ഛദ്ദ' പ്രിവ്യൂ; വികാരാധീനനായി ആമിര്‍ ഖാന്‍
