ഏപ്രില്‍ 25 ന് സ്ട്രീമിംഗ് ആരംഭിച്ച ചിത്രം

തിയറ്ററുകളോടൊപ്പം അല്ലെങ്കില്‍ അതിനേക്കാളുമധികം ഇന്ന് പ്രേക്ഷകര്‍ സിനിമകള്‍ കാണാന്‍ ആശ്രയിക്കുന്നത് ഒടിടി പ്ലാറ്റ്‍ഫോമുകളെയാണ്. തിയറ്ററുകളിലെ ബോക്സ് ഓഫീസ് കളക്ഷന്‍ പോലെ സിനിമകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി ഒടിടിയിലും അറിയാന്‍ വഴികളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവിടെ ലഭിക്കുന്ന കാഴ്ചകളുടെ എണ്ണമാണ്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമ ഏതെന്ന വിവരം പുറത്തെത്തിയിരിക്കുകയാണ്. കൂകി ഗുലാത്തി, റോബി ഗ്രെവാള്‍ എന്നിവര്‍ സംവിധാനം ചെയ്ത്, സെയ്ഫ് അലി ഖാന്‍ നായകനായ ജുവല്‍ തീഫ് എന്ന ഹിന്ദി ചിത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

നെറ്റ്ഫ്ലിക്സിന്‍റെ ഡയറക്റ്റ് റിലീസ് ആയിരുന്ന ഈ ചിത്രം ഏപ്രില്‍ 25 നാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ആദ്യ വാരം 7.8 മില്യണ്‍ കാഴ്ചകളാണ് ചിത്രത്തിന് നെറ്റ്ഫ്ലിക്സില്‍ ലഭിച്ചതെങ്കില്‍ രണ്ടാം വാരം അതിലും ഉയര്‍ന്നു. 8.3 മില്യണ്‍ കാഴ്ചകളാണ് രണ്ടാം വാരം ലഭിച്ചത്. അങ്ങനെ ആദ്യ രണ്ട് വാരങ്ങളിലുമായി 16.1 മില്യണ്‍ കാഴ്ചകള്‍. അതായത് 1.61 കോടി കാഴ്ചകള്‍. ഈ നേട്ടം ചിത്രം കൂടുതല്‍ ആളുകള്‍ കാണാന്‍ ഇടയാക്കും എന്നതില്‍ തര്‍ക്കമില്ല. ഏറ്റവും കൗതുകകരമായ കാര്യം നിരൂപകരില്‍ നിന്ന് ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങളാണ് ലഭിച്ചത് എന്നതാണ്. എന്നാല്‍ ചിത്രം കാണികളെ നേടുകയായിരുന്നു. 

ഹെയ്സ്റ്റ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം മാര്‍ഫ്ലിക്സ് പിക്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദും മംമ്ത ആനന്ദും ചേര്‍ന്നാണ്. സെയ്ഫ് അലി ഖാന് ഒപ്പം ജയ്‍ദീപ് അഹ്‍ലാവത്ത്, നിഖിത ദത്ത, കുണാല്‍ കപൂര്‍, കുല്‍ഭൂഷണ്‍ ഖര്‍ബന്ദ, ഉജ്ജവല്‍ ഗൗരഹ, ഗഗന്‍ അറോറ, ഷാജി ചൗധരി, സുമിത് ഗുലാത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ഡേവിഡ് ലോഗന്‍റേതാണ് തിരക്കഥ. സുമിത് അറോറയാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ജിഷ്ണു ഭട്ടാചര്‍ജി, എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്. വന്‍ വിജയം നേടിയ പഠാന്‍ അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന സിദ്ധാര്‍ഥ് ആനന്ദ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം