'കഥയുടെ പിതൃത്വം എന്നില്‍ ചുമത്തരുത്'; 'ബറോസി'ല്‍ തന്‍റെ പങ്കാളിത്തം നാമമാത്രമെന്ന് ജിജോ പുന്നൂസ്

"തിരക്കഥ മാറ്റിയെഴുതുന്ന സമയത്ത് തന്‍റെ സമീപകാല ഹിറ്റുകളായ ഒടിയന്‍, പുലിമുരുകന്‍, ലൂസിഫര്‍, മരക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലെ നായകന്മാരുടെ രീതികളിലേക്കാണ് ബറോസിനെ ലാലുമോന്‍ മാറ്റിവരച്ചത്"

jijo punnoose says his involvement in barroz was very limited mohanlal aashirvad cinemas

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍റെ സംവിധായകന്‍ ജിജോ പുന്നൂസിന്‍റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രമെന്നും, ക്യാമറയ്ക്കു പിന്നില്‍ ജിയോയുടെ സജീവ പങ്കാളിത്തം  ഉണ്ടാവും എന്നതും സിനിമാപ്രേമികളെ സംബന്ധിച്ച് ഈ പ്രോജക്റ്റിനെക്കുറിച്ച് പ്രതീക്ഷ ഉണര്‍ത്തിയ കാര്യങ്ങളായിരുന്നു. എന്നാല്‍ ബറോസ് എന്ന പേരില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിലെ തന്റെ പങ്കാളിത്തം നാമമാത്രമാണെന്ന് പറയുന്നു ജിജോ. ചിത്രത്തെക്കുറിച്ച് ഉണ്ടായിരുന്ന ആദ്യ ആശയം മുതല്‍ പുറത്തെത്തുന്ന ചിത്രം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി എഴുതിയ ബ്ലോ​ഗിലാണ് ജിജോ ഇക്കാര്യങ്ങളെല്ലാം പറയുന്നത്. 

ജിജോ പുന്നൂസിന്‍റെ ബ്ലോഗില്‍ നിന്ന്

ഒരു ആഫ്രോ- ഇന്ത്യന്‍- പോര്‍ച്ചു​ഗീസ് പുരാവൃത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കണമെന്ന് ആദ്യം ആലോചിച്ചത് 1982 ല്‍ ആണെന്ന് ജിജോ പറയുന്നു. "ഇം​ഗ്ലീഷ്, ഹിസ്പാനിക് ഭാഷകളിലായി നിര്‍മ്മിക്കേണ്ടുന്ന ഒരു കുട്ടികളുടെ ചിത്രം എന്നതായിരുന്നു അന്നത്തെ ചിന്ത. എന്നാല്‍ 2017 ല്‍ ഞാന്‍ ഈ കഥ ഒരു നോവലായി എഴുതി. നോവല്‍ രചനയ്ക്കു പിന്നില്‍ ഒരു സിനിമാ ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കിലും സഹപ്രവര്‍ത്തകരില്‍ പലരും ആ സാധ്യതയില്‍ ആകൃഷ്ടരായി. അപ്പോഴും ഇം​ഗ്ലീഷിലും ഹിസ്പാനിക് ഭാഷകളിലുമായി ചിത്രം ഒരുക്കണമെന്നാണ് കരുതിയിരുന്നത്. കഥയ്ക്ക് അന്താരാഷ്ട്ര മാനങ്ങളുണ്ട് എന്നതായിരുന്നു ഇതിന് കാരണം." 

jijo punnoose says his involvement in barroz was very limited mohanlal aashirvad cinemas

 

മോഹന്‍ലാല്‍ ഈ പ്രോജക്റ്റിലേക്ക് കടന്നുവരുന്ന 2018 ന് ശേഷം ബറോസിന് സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ജിജോ വിശദീകരിക്കുന്നു. "സിദ്ദിഖ് ചിത്രം ബി​ഗ് ബ്രദറിന്‍റെ ചര്‍ച്ച നടക്കുന്ന സമയത്താണ് ഒരിക്കല്‍ രാജീവ്‍ കുമാറും ലാലുമോനും (മോഹന്‍ലാല്‍) നവോദയ സ്റ്റുഡിയോയില്‍ എന്നെ കാണാന്‍ എത്തിയത്. ഒരു ലൈവ് 3 ഡി ഷോയുടെ സാധ്യതകള്‍ ആരായാനായിരുന്നു അത്. ഞങ്ങളുടെ സിനിമാ ചര്‍ച്ചയെക്കുറിച്ച് അറിഞ്ഞിരുന്ന രാജീവ് ആ ചിത്രം മലയാളത്തില്‍ ചെയ്താലോ എന്ന ആശയം മുന്നോട്ടുവച്ചു. കഥയിലെ പ്രായമുള്ള ഭൂതത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രീതിയില്‍. ചിത്രം ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്നും രാജീവ് ഉത്സാഹപ്പെടുത്തി. അതേസമയം കഥയിലുള്ള ആഫ്രിക്കന്‍ വംശജനായ കാപ്പിരി മുത്തപ്പനെ എങ്ങനെ ഒരു മലയാളിയാക്കും എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍. എന്നാല്‍ നവോദയയിലെ റിസര്‍ച്ച് ഡയറക്ടര്‍ ആയ ജോസി ജോസഫിന്‍റെ സഹായത്തോടെ കാപ്പിരി മുത്തപ്പന്‍റെ സ്ഥാനത്ത് മലബാറില്‍ നിന്ന് ഗോവയിലേക്ക് എത്തിയ ബറോസിനെ പ്രതിഷ്ഠിച്ചു. 2019 ലാണ് മോഹന്‍ലാല്‍ ബറോസിനെ അവതരിപ്പിക്കുന്ന ഒരു ചിത്രം സാധ്യമാണെന്ന് അദ്ദേഹത്തോട് ഞാന്‍ സ്വകാര്യമായി പറഞ്ഞത്. ചിത്രം സംവിധാനം ചെയ്യാനുള്ള ഓഫര്‍ അപ്പോഴും ഞാന്‍ നിരസിച്ചു. ചിത്രത്തിന്‍റെ 3 ഡി സാങ്കേതികതയുടെ ഉത്തരവാദിത്തം ഞാന്‍ നിറവേറ്റാമെന്നും പറഞ്ഞു. അപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹം മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്." 

jijo punnoose says his involvement in barroz was very limited mohanlal aashirvad cinemas

 

"കഥയിലേക്ക് പല ഘടകങ്ങളും ലാലുമോന്‍ സംഭാവന ചെയ്തു. എന്‍റെയും സംവിധായകന്‍റെയും നിര്‍മ്മാതാവിന്‍റെയും അഭിരുചികള്‍ക്കനുസരിച്ച് 22 തവണ ഞാന്‍ തിരക്കഥ മാറ്റിയെഴുതി. അപ്പോഴൊക്കെയും ഒരു കാര്യത്തില്‍ ഞാന്‍ ഉറച്ച് നിന്നിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം പെണ്‍കുട്ടിയുടേതാണെന്നും ബറോസിന്‍റേത് രണ്ടാം സ്ഥാനത്ത് ആണെന്നും. എല്ലാവര്‍ക്കും അത് സ്വീകാര്യവുമായിരുന്നു. കാരണം മോഹന്‍ലാല്‍ എന്ന നടനേക്കാള്‍ മോഹന്‍ലാല്‍ എന്ന സംവിധായകനിലായിരുന്നു ഈ പ്രോജക്റ്റിന്‍റെ ഫോക്കസ്. 2020 ന്‍റെ തുടക്കത്തില്‍ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ തയ്യാറെടുപ്പുകള്‍ അവസാനിച്ചു. ഫെബ്രുവരിയില്‍ സെറ്റ് വര്‍ക്കുകള്‍ ആരംഭിക്കാനിരിക്കവെയാണ് ആദ്യ കൊവിഡ് ലോക്ക് ഡൌണ്‍ വരുന്നത്. 2020 അവസാനത്തോടെ എല്ലാം പുനരാരംഭിച്ചു. മൂന്ന് മാസം കൊണ്ട് അത് പൂര്‍ത്തിയായി. 2021 ഏപ്രിലില്‍ ആയിരുന്നു ചിത്രത്തിന്‍റെ ഉദ്ഘാടനം. 85 പേര്‍ അടങ്ങുന്ന ചിത്രീകരണ സംഘത്തിന് കൊച്ചിയില്‍ ഒരാഴ്ച മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുള്ളൂ. രണ്ടാം കൊവിഡ് ലോക്ക് ഡൌണ്‍ നിലവില്‍ വരുന്ന സമയത്ത് ഞങ്ങളുടെ ചിത്രീകരണസംഘത്തിലെ നിരവധി പേര്‍ രോഗത്തിന്‍റെ പിടിയിലായി. ചിത്രത്തിന്‍റെ ഭാവി തന്നെ സംശയത്തിന്‍റെ നിഴലിലായ മാസങ്ങളാണ് പിന്നീട് വന്നത്. ഞങ്ങളുടെ ഏറ്റവും പ്രധാന ഉത്കണ്ഠ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷയാലയ്ക്ക് പ്രായമാവുന്നു എന്നതായിരുന്നു." 

jijo punnoose says his involvement in barroz was very limited mohanlal aashirvad cinemas

 

"ലോക്ക് ഡൌണ്‍ അവസാനിക്കുമ്പോഴേക്ക് പ്രോജക്റ്റ് എങ്ങനെ പുനരാരംഭിക്കും എന്ന് ആരായാന്‍ തുടങ്ങി ഞങ്ങള്‍. പക്ഷേ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആ സമയത്ത് ഒടിടി ചിത്രങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. ഈ പ്രോജക്റ്റ് ഉപേക്ഷിക്കുന്നതിനെക്കുറിച്ചും അപ്പോള്‍ ചര്‍ച്ചകള്‍ ഉണ്ടായി. പിന്നീട് ലാലുമോന്‍റെ താല്‍പര്യപ്രകാരം ആണെന്ന് തോന്നുന്നു, 2021 നവംബറില്‍ ബറോസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് പൊടുന്നനെ ഒരു ആവേശം കാണാനായി. സുദീര്‍ഘ ചര്‍ച്ചകള്‍ക്കു ശേഷം ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒപ്പം അഭിനേതാക്കളെയും മാറ്റാന്‍ തീരുമാനിച്ചു. വിദേശ അഭിനേതാക്കള്‍ക്ക് ആ സമയത്ത് ചിത്രീകരണത്തിനായി വരാന്‍ സാധിക്കുമായിരുന്നില്ല. നാല് മാസത്തെ മോഹന്‍ലാലിന്‍റെ ഡേറ്റ് ഉപയോഗപ്പെടുത്താനാവുമെന്ന് നിര്‍മ്മാതാവ് കണ്ടെത്തി. 2021 ഡിസംബറില്‍ രാജീവ് കുമാറിനൊപ്പം ചേര്‍ന്ന് ലാലുമോന്‍ തന്നെ തിരക്കഥ മാറ്റിയെഴുതി. കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു തിരക്കഥയിലെ മാറ്റങ്ങള്‍. നവോദയ ക്യാമ്പസില്‍ തയ്യാറാക്കിയ സെറ്റുകളിലായിരുന്നു പിന്നീടുള്ള ഭൂരിഭാഗം ചിത്രീകരണവും. ഈ പ്രോജക്റ്റിനെ രക്ഷിച്ചെടുക്കാനുള്ള ബുദ്ധിപരമായ ഒരു നീക്കമായാണ് അത് വ്യക്തിപരമായി എനിക്ക് തോന്നിയത്. തിരക്കഥ മാറ്റിയെഴുതുന്ന സമയത്ത് തന്‍റെ സമീപകാല ഹിറ്റുകളായ ഒടിയന്‍, പുലിമുരുകന്‍, ലൂസിഫര്‍, മരക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലെ നായകന്മാരുടെ രീതികളിലേക്കാണ് ബറോസിനെ ലാലുമോന്‍ മാറ്റിവരച്ചത്. അദ്ദേഹത്തിന്‍റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്താനെന്നോണം. തിരുത്തപ്പെട്ട തിരക്കഥയുടെ ലക്ഷ്യം മലയാളി സിനിമാപ്രേമികളെ വിനോദിപ്പിക്കലാണ്. 350 സിനിമകളുടെ അനുഭവ പരിചയമുള്ള ലാലുമോന് സ്വന്തം നിലയ്ക്ക് അത് സാധിക്കും. ലാലുമോനെ അസിസ്റ്റ് ചെയ്യുന്ന ജോലിയിലേക്ക് ഈ ഘട്ടത്തില്‍ എനിക്കു പകരം രാജീവ് വന്നു. ഈ സമയത്ത് കൂടുതലും ചെന്നൈയില്‍ ആയിരുന്ന ഞാന്‍ ഒരു വടക്കന്‍ പാട്ട് ചിത്രത്തിന്റെ തിരക്കഥാ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍റെ സഹോദരന്‍ ജോസ്മോനെ സഹായിക്കുകയായിരുന്നു. ലാലുമോന്‍ വിളിച്ചതനുസരിച്ച് 2022 ഏപ്രിലില്‍ ചെന്നൈയില്‍ നിന്ന് ഞാനെത്തി. കറങ്ങുന്ന ഒരു സെറ്റിലെ ചിത്രീകരണത്തിന് വേണ്ട സഹായം ചെയ്യാനായിരുന്നു അത്. പുറത്തെത്താനിരിക്കുന്ന ബറോസില്‍ എന്‍റെ ഒരേയൊരു പങ്കാളിത്തം അത് മാത്രമാണ്." 

"ഒറിജിനല്‍ സ്ക്രിപ്റ്റോ പ്രൊഡക്ഷന്‍ ഡിസൈനോ ഉപയോഗിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കാപ്പിരി മുത്തപ്പനെ അധികരിച്ചുള്ള ഇംഗ്ലീഷ്, ഹിസ്പാനിക് ചിത്രം ഞങ്ങള്‍ പുനരാരംഭിക്കും. 2022 സിസംബറില്‍ ഒറിജിനല്‍ പ്രൊഡക്ഷന്‍ ഡിസൈനിലെ ചില പ്രധാന ഘടകങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും", ജിജോ അവസാനിപ്പിക്കുന്നു.

ALSO READ : ലിജോ- മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം ജനുവരിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios