പ്രേക്ഷകരില്‍ ഒരു വിഭാഗം എല്ലായ്പ്പോഴും വിമര്‍ശനം ഉയര്‍ത്താറുണ്ടെങ്കിലും ടെലിവിഷന്‍ സീരിയലുകള്‍ക്ക് എക്കാലത്തും സ്വീകാര്യതയുണ്ട്. പ്രമുഖ വിനോദ ചാനലുകളുടെ പ്രൈം സ്ലോട്ടുകളില്‍ സീരിയലുകള്‍ കൈയ്യടക്കുന്നതുതന്നെ ഇതിനുള്ള തെളിവ്. സിനിമയില്‍ നിന്ന് വ്യത്യസ്തമായ വെല്ലുവിളികളാണ് അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കുമൊക്കെ സീരിയലുകള്‍ ഉയര്‍ത്തുന്നത്. എല്ലാ ദിവസവും എപ്പിസോഡ് പോകണമെന്നതിനാല്‍ വേഗത്തില്‍ നടത്തിയെടുക്കേണ്ട ചിത്രീകരണമാണ് പ്രധാന വെല്ലുവിളി. ഇതു സാധിക്കാന്‍ അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കുമൊക്കെ തങ്ങളുടേതായ വഴികളുണ്ട്. ഇപ്പോഴിതാ അഭിനയത്തിനിടെ സംഭാഷണം മറന്നുപോയാല്‍ തങ്ങള്‍ അനുവര്‍ത്തിക്കുന്ന ഒരു ടെക്നിക്ക് പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് മിനിസ്ക്രീന്‍ താരമായ ജിഷിന്‍ മോഹന്‍. 

അഭിനയത്തിനിടെ സംഭാഷണം മറന്നുപോയാല്‍ 'w w w' എന്ന് പറയുമെന്നും പിന്നീട് ഡബ്ബിംഗിന്‍റെ സമയത്ത് ശരിയാക്കുമെന്നും ജിഷിന്‍ പറയുന്നു. ഒപ്പം ഒരു റിഹേഴ്സല്‍ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

ജിഷിന്‍റെ വാക്കുകള്‍

സിനിമ പോലെ കുറേ റിഹേഴ്സലോ ടൈമോ കാണില്ല സീരിയലിൽ. ഒരു റിഹേഴ്സൽ, ഒരു ടേക്ക്. ചിലപ്പോൾ ഡയലോഗ് കിട്ടി എന്ന് വരില്ല. കിട്ടാത്ത ഡയലോഗിന് W W W എന്ന് പറയും. അങ്ങനെ ലിപ് ഇട്ടു കൊടുത്തിട്ട് ഡബ്ബ് ചെയ്യുമ്പോൾ ക്ലിയർ ചെയ്യും. അപ്പൊ നീ ഫുൾ ടൈം  W W W എന്നാ പറയാറ് അല്ലേ എന്ന് ചില തലതെറിച്ചവന്മാർ ഇതിനടിയിൽ കമന്റ്‌ ഇടാൻ സാധ്യതയുണ്ട്. എന്നാലും കുഴപ്പമില്ല . സാധാരണ ഇതൊന്നും ആരും പറഞ്ഞ് കൊടുക്കാത്തതാണ്.. പക്ഷെ എന്റെ ചങ്ക് കൂട്ടുകാർക്ക് വേണ്ടി ഞാൻ ആ രഹസ്യം വെളിപ്പെടുത്തി എന്നേ ഉള്ളു. ആരോടും പറയണ്ട കേട്ടോ.