നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' ഇന്ന് തിയേറ്ററുകളിലെത്തി. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം ത്രില്ലറിൽ മമ്മൂട്ടി പ്രതിനായകനാണ്.

മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന 'കളങ്കാവൽ' ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് പ്രതിനായകനായാണ് എന്നുള്ള പ്രത്യേകതയുമുണ്ട്. ക്രൈം ത്രില്ലർ ഴോണറിൽ ഉറങ്ങുന്ന ചിത്രത്തിൽ ഇരുപത്തിയൊന്നോളം നായികമാരാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ ജിതിൻ ജോസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മനുഷ്യർക്ക് പൈശാചികമായ ഒരു വശമുണ്ടെന്നും, നിയമ വ്യവസ്ഥയുള്ളതുകൊണ്ടാണ് അതിൽ നിന്നും മറ്റുള്ളവർ സംരക്ഷിക്കപ്പെടുന്നത് എന്നാണ് ജിതിൻ ജോസ് പറയുന്നത്.

"പൈശാചികമായ വശം എല്ലാവരുടെയുള്ളിലും ഉണ്ടാവും. പക്ഷേ നമുക്ക് അത് ജനറലൈസ് ചെയ്ത് പറയാന്‍ പറ്റില്ല. ബാഡ് സോള്‍ എന്ന് പറയുന്ന ഒരു കൂട്ടം ആളുകളെ എടുത്താല്‍ അതില്‍ ഒരു വിധം ആളുകളും പലതും പൊതുസമൂഹത്തില്‍ നിന്നും ഒളിച്ചുവക്കുന്നവരാകാം. അവരുടെയുള്ളിലുള്ള നെഗറ്റിവിറ്റിയെ തുറന്ന് കാണിക്കാന്‍ പറ്റിയ സമൂഹത്തിലല്ല നമ്മള്‍ ജീവിക്കുന്നത്. സമൂഹത്തിലെ നിയമവ്യവസ്ഥ ഒരു പ്രൊട്ടക്ടീവ് ലെയർ പോലെ അവരില്‍ നിന്നും മറ്റുള്ളവരെ സംരക്ഷിക്കുന്നു. ജിതിൻ ജോസ് പറയുന്നു.

അതുകൊണ്ട് പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ടാണ് നിൽക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരെയും കുറിച്ചല്ല ഞാന്‍ പറയുന്നത്, ചെറിയ ഒരു വിഭാഗം ആളുകളെക്കുറിച്ചാണ്. എന്നിരുന്നാലും എല്ലാ മനുഷ്യരുടെ ഉളളിലും അവര്‍ക്ക് മാത്രം അറിയാവുന്ന റിയാലിറ്റീസ് ഉണ്ടായിരിക്കും. പക്ഷേ അത് പൊതുബോധത്തില്‍ നെഗറ്റീവായിരിക്കും. എനിക്കറിയാവുന്ന ഞാനും, സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തിന് മുമ്പിലുള്ള ഞാനും വ്യത്യസ്തനാണ്." മാഡിസം ഡിജിറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിതിൻ ജോസിന്റെ പ്രതികരണം.

അതേസമയം കേരളത്തിൽ വമ്പൻ റിലീസായി എത്തുന്ന കളങ്കാവൽ ചിത്രം ഗൾഫിൽ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റിലീസായാണ് എത്തുന്നത്. 144 ലൊക്കേഷനുകളിലാണ് ചിത്രം ഗൾഫിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ ചിത്രത്തിന്റെ പ്രീ സെയിൽ 2 കോടിയിലേക്കാണ് കുതിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി കേരളത്തിൽ വിറ്റഴിഞ്ഞത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും മികച്ച പ്രീ സെയിൽസ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ. 'ലോക' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത്. ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് സിതാര എന്റെർറ്റൈന്മെന്റ്സ്, കർണാടകയിൽ എത്തിക്കുന്നത് ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് പെൻ മരുധാർ എന്നിവരാണ്.

YouTube video player