നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും
ഈ വാരം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ മികച്ച പ്രതികരണം നേടുകയാണ് ജയസൂര്യ (Jayasurya) നായകനായ ജോണ്‍ ലൂഥര്‍ (John Luther). വ്യക്തിജീവിതത്തിനപ്പുറം തന്‍റെ കര്‍മ്മമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് ജയസൂര്യയുടെ ടൈറ്റില്‍ കഥാപാത്രം. ആദ്യ പ്രദര്‍ശനങ്ങള്‍ മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷക പ്രതികരണങ്ങളില്‍ ജയസൂര്യ സോഷ്യല്‍ മീഡിയയിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്.
നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. കേരളത്തില്‍ 150 സ്ക്രീനുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഒരു കേസന്വേഷണത്തിനിടെ ഏല്‍ക്കുന്ന പരിക്കില്‍ നിന്ന് കേള്‍വിത്തകരാറ് സംഭവിക്കുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്. ജയസൂര്യയുടെ എക്കാലത്തെയും വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ലൂഥര്‍. ഇതിനോട് പടവെട്ടി അയാള്‍ അന്തിമ വിജയം നേടുമോ എന്നതിലേക്ക് പ്രേക്ഷകരുടെ ആകാംക്ഷയെ ക്ഷണിക്കുകയാണ് ചിത്രത്തില്‍ സംവിധായകന്‍. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് നവീൻ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
ALSO READ : കാക്കിയില്‍ ത്രില്ലടിപ്പിക്കുന്ന ജയസൂര്യ; ജോണ്‍ ലൂഥര്‍ റിവ്യൂ
