തിരുവനന്തപുരം: ലോൺ എടുത്ത് ഫ്ലാറ്റ് വാങ്ങിയവരെ ഇറക്കിവിടാനാണ് സർക്കാരിന് ഉത്സാഹമെന്ന് നടൻ ജോയ് മാത്യു. എറണാകുളം മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം നടപ്പിലാക്കാനുള്ള സർക്കാർ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു ജോയ് മാത്യു.

പിവി അൻവർ എംഎൽഎയുടെ തടയണ പൊളിക്കാതെ നിർജീവമായ സർക്കാരാണിത്. വേറൊരു എം എൽ എ കായൽ കയ്യേറുകയും ചെയ്തു. എന്നാൽ, ലോൺ എടുത്ത് ഫ്ലാറ്റ് വാങ്ങിയവരെ ഇറക്കിവിടാനാണ് സർക്കാരിന് ഉത്സാഹമെന്നും നടൻ ജോയ് മാത്യു വിമര്‍ശിച്ചു.

മലപ്പുറം ചീങ്കണ്ണിപ്പാലയിലാണ് പി വി അന്‍വര്‍ എംഎല്‍എ അനധികൃതമായി തടയണ നിര്‍മിച്ചത്. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് എംഎൽഎ തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.  കക്കാടംപൊയിലില്‍ അൻവറിന്‍റെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വേനല്‍കാലത്ത് വെള്ളമെത്തിക്കാൻകൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ തടയണ. സമീപത്തെ കരിമ്പ് ആദിവാസി കോളനിയിലേക്കുള്ള നീരൊഴുക്ക് തടഞ്ഞായിരുന്നു പി വി അൻവര്‍ തടയണ നിര്‍മ്മിച്ചിരുന്നത്. പ്രതിഷേധം ശക്തമായതോടെ ഭാര്യാപിതാവിന്‍റെ പേരിലേക്ക് മാറ്റിയ സ്ഥലത്തെ തടയണ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊളിച്ചു നീക്കിയത്.  

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം ലംഘിച്ചാണ് മുന്‍മന്ത്രി തോമസ് ചാണ്ടി ആലപ്പുഴയിലെ ലേക്ക് പാലസ് റിസോർട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചത്. ചട്ടലംഘനത്തിന്‍റെ പേരില്‍ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയും പിഴയും ഉള്‍പ്പെടുത്തി 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. ഇതിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കി. അപ്പീലിന്മേല്‍ സര്‍ക്കാര്‍ നഗരകാര്യ ജോയിന്‍റ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്‍റെ അന്വേഷണറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ പിഴത്തുക 34 ലക്ഷമായി വെട്ടിക്കുറച്ചു. ഈ തുക ഈടാക്കിക്കൊണ്ട് കെട്ടിടങ്ങള്‍ നിയമവിധേയമായി ക്രമവത്കരിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

അതേസമയം, മരട് നഗരസഭയിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകാനൊരുങ്ങുകയാണ് ഫ്ലാറ്റുടമകൾ. ഫ്ലാറ്റുകളിലെ താമസക്കാർ ഒപ്പിട്ട ഹർജി ഇ-മെയിൽ ആയി അയക്കും. ഇതോടൊപ്പം 140 എംഎൽഎമാർക്കും നിവേദനം നൽകും. ഫ്ലാറ്റുകളിൽ നിന്ന് തങ്ങളെ പുറത്താക്കരുതെന്നും ഇക്കാര്യത്തിൽ രാഷ്ട്രപതിയും കേന്ദ്ര സർക്കാരും സംസ്ഥാന നിയമസഭയും ഇടപെടണമെന്നും സങ്കട ഹർജിയിലൂടെ അഭ്യര്‍ത്ഥിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. തങ്ങളായി നിയമ ലംഘനമൊന്നും നടത്തിയിട്ടില്ലെന്നും ഫ്ലാറ്റ് ഉടമകൾ ഹർജിയിൽ വ്യക്തമാക്കി.