തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആർ, സംവിധായകൻ തൃവിക്രം ശ്രീനിവാസിന്റെ പുതിയ പുരാണ ചിത്രത്തിൽ ഭഗവാൻ കുമാരസ്വാമിയുടെ വേഷം അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
ഹൈദരാബാദ്: തെലുങ്ക് സിനിമയുടെ സ്വന്തം 'താരക്' ജൂനിയർ എൻടിആർ സംവിധായകൻ തൃവിക്രം ശ്രീനിവാസിന്‍റെ പുരാണ ചിത്രത്തിൽ ഭഗവാൻ കുമാരസ്വാമിയുടെ വേഷം അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്ന് വിവരം. ഹരിക ഹാസിനി ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം എൻടിആറിന്റെ കരിയറിലെ ആദ്യത്തെ പുരാണ കഥാപാത്രം ആയിരിക്കും.
‘മാൻ ഓഫ് ദി മാസസ്’ എന്നറിയപ്പെടുന്ന എൻടിആർ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം വന്‍ പ്രൊജക്ടുകളിലാണ് സഹകരിക്കുന്നത്. താരത്തിന്‍റെ ദേവര പാര്‍ട്ട് 1 മികച്ച വിജയം നേടിയിരുന്നു. ശക്തി, ധൈര്യം, ആത്മീയ പൈതൃകം എന്നിവയുടെ പ്രതീകമായ കുമാരസ്വാമിയെ അവതരിപ്പിക്കുന്നതിനായി എൻടിആർ ഒരുങ്ങുന്നത് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ആദ്യം ഈ ചിത്രത്തിൽ അല്ലു അർജുൻ ആയിരുന്നു നായകനായി പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും, പിന്നീട് അദ്ദേഹം പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് എൻടിആർ ഈ വേഷം ഏറ്റെടുത്തു എന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. വന്‍ ഹിറ്റ് എന്‍റര്‍ടെയ്നറുകള്‍ ഒരുക്കാറുള്ള തൃവിക്രം ശ്രീനിവാസിന്‍റെ എപ്പിക് കഥയിലേക്കുള്ള ചുവടുവയ്പ്പായിരിക്കും സിനിമ
“ഈ ചിത്രം ഒരു വലിയ ദൃശ്യാനുഭവമായിരിക്കും. എൻടിആറിന്റെ ശക്തമായ സ്ക്രീൻ സാന്നിധ്യവും തൃവിക്രമിന്റെ കഥാഗതിയും ചേർന്ന് ഒരു മഹത്തായ പൗരാണിക നാടകം പ്രേക്ഷകർക്ക് സമ്മാനിക്കും,” ഹരിക ഹാസിനി ക്രിയേഷൻസുമായി ബന്ധപ്പെട്ട വൃത്തം പിങ്ക് വില്ലയോട് പ്രതികരിച്ചു. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
#NTRTrivikram എന്ന ഹാഷ്‌ടാഗ് എന്‍ടിആര്‍ ആരാധകര്‍ ഇതിനകം തന്നെ എക്സിലും മറ്റും പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന വാര്‍ 2 ആണ് ജൂനിയര്‍ എന്‍ടിആറിന്‍റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ആഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും. അതേ സമയം കെജിഎഫ് സലാര്‍ സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം പുതിയ ചിത്രത്തിന്‍റെ ഷൂട്ടും ജൂനിയര്‍ എന്‍ടിആറിന്‍റെതായി നടക്കുന്നുണ്ട്.


