പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ജൂനിയർ എൻ‌ടി‌ആറിന്റെ ചിത്രത്തിന് പുതിയ പേര്. നിലവിലെ പേര് മറ്റൊരു തമിഴ് ചിത്രത്തിന്റേതുമായി സാമ്യമുള്ളതിനാലാണ് പേര് മാറ്റുന്നത്.

ഹൈദരാബാദ്: പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഒരു ആക്ഷൻ ചിത്രത്തിലാണ് ജൂനിയര്‍ എൻ‌ടി‌ആർ അടുത്തതായി അഭിനയിക്കുന്നത്. ഡ്രാഗൺ എന്ന് താൽക്കാലികമായി വിളിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ പേര് മാറ്റുമെന്നാണ് വിവരം. പിങ്ക്‌വില്ലയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, നിർമ്മാതാക്കൾ പുതിയൊരു പേര് തേടുകയാണ്. അതിന് പിന്നിൽ ഒരു ശക്തമായ കാരണവുമുണ്ട്.

“ഡ്രാഗൺ ഇതിനകം തന്നെ 2025-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിനൊപ്പം രജിസ്റ്റർ ചെയ്ത ടൈറ്റിലാണ് എന്നതാണ് പ്രധാന പ്രശ്നം, ഇത് പ്രൊഡക്ഷൻ ടീമിനെ ഔദ്യോഗികമായി ഡ്രാഗണ്‍ എന്ന പേരിടുന്നതില്‍ നിന്നും വിലക്കുന്ന കാരണമാണ്. മാത്രമല്ല, ‘ഡ്രാഗൺ’ എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രം തെലുങ്കിലേക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. നിയമപരമായ സങ്കീർണതകളും ആരാധകരുടെ ആശയക്കുഴപ്പവും ഒഴിവാക്കാൻ, പ്രത്യേകിച്ച് തെലുങ്ക്, തമിഴ് സംസാരിക്കുന്ന വിപണികളിൽ സാധ്യതയുള്ള ചിത്രം എന്നതിനാല്‍ നിർമ്മാതാക്കൾ പുതിയ സാധ്യത തേടുകയാണ്” എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു കേന്ദ്രം വിശദീകരിക്കുന്നത്.

ചിത്രത്തിന്റെ വലുപ്പവും എൻ‌ടി‌ആറിന്റെ താരമൂല്യവും പ്രതിഫലിപ്പിക്കുന്ന പുതിയ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. കന്നഡ നടി രുക്മിണി വസന്ത് നായികയാകുമെന്നാണ് വിവരം. മൈത്രി മൂവി മേക്കേഴ്‌സും എൻ‌ടി‌ആർ ആർട്‌സും സംയുക്തമായി ഈ ചിത്രം നിർമ്മിക്കുന്നു. 2026 ജൂൺ 25 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ വലിയ ചിത്രത്തിന് രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത്.

അതേ സമയം എന്‍ടിആറിന്‍റെ ഇനി വരാനിരിക്കുന്ന ചിത്രം വാര്‍ 2 ആണ്. വൈആർഎഫ് സ്പൈ യൂണിവേഴ്സ് സിനിമയായ 'വാർ 2' 2025-ല്‍ ബോളിവുഡ് ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രോജക്റ്റുകളിലൊന്നാണ്. ഹൃത്വിക് റോഷനും എൻടിആർ ജൂനിയറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയത് മെയ് 20നാണ്. ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനമായ മെയ് 20നാണ് ടീസര്‍ ഇറങ്ങിയിരിക്കുന്നത്. 

സിനിമാ തിയേറ്ററുകളിൽ വന്‍ ഹൈപ്പ് സൃഷ്ടിക്കും എന്ന് കരുതുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. ബ്രഹ്മാസ്ത്ര പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ അയാന്‍ മുഖര്‍ജിയുടെ വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമാണ് വാര്‍ 2. ചിത്രം ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ഇറങ്ങും. 

2025 ഓഗസ്റ്റ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ മറ്റ് താരങ്ങളായ സല്‍മാന്‍റെ ടൈഗറോ, ഷാരൂഖിന്‍റെ പഠാനോ ക്യാമിയോ ആയി എത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.