രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും 2018, 100 കോടി ക്ലബ്ബിൽ ഇടംപിടിക്കും.

ജൂഡ് ആന്റണി സംവിധാനം ചെയ്ത് 2018 പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി വിജയ പ്രദർശനം തുടരുകയാണ്. കേരളം ഒറ്റക്കെട്ടായി നേരിട്ട മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരം ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ ഓരോരുത്തരുടെയും ഉള്ള് പിടഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി. സിനിമ ഹൃദയത്തോട് ചേർത്തു. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം 100 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. ഈ അവസരത്തിൽ ജൂഡ് ആന്റണി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.

'നിറഞ്ഞ കയ്യടികൾക്ക് , കെട്ടിപ്പിടുത്തങ്ങൾക്ക് , ഉമ്മകൾക്ക് കോടി നന്ദി. 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ്. ഇത് നമ്മൾ സാധാരണക്കാരുടെ വിജയം', എന്നാണ് ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകളുമായി രം​ഗത്തെത്തുന്നത്. 

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 2018 നേടിയത് 75 കോടിയാണ്. ഇന്ന് ഉച്ചയ്ക്ക് മുൻപ് വരെയുള്ള കണക്ക് 80 കോടിക്ക് മുകളിൽ വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. മികച്ച പ്രകടനവമായി ചിത്രം മുന്നോട്ട് പോകുകയാണെങ്കിൽ രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും 2018, 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. ഈ വര്‍ഷം നിറഞ്ഞ സദസില്‍ ഓടിയ ഹിറ്റ് ചിത്രം രോമാഞ്ചത്തിന് പിന്നാലെയാണ് 2018ഉം വിജയഗാഥ രചിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രങ്ങളുമാണ്. 

തിയറ്ററുകളിൽ ജനപ്രളയം; 100 കോടിയിലേക്ക് കുതിച്ച് '2018', ജൂഡ് ചിത്രം ഇതുവരെ നേടിയത്

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. 

Karnataka Assembly Election Result 2023| Asianet News | Malayalam Live News | Kerala Live TV News