ഭാര്യയെക്കുറിച്ചുള്ള അവതാരകന്റെ പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. 

94-ാമത് ഓസ്കറിൽ(Oscar 2022) നടൻ വിൽ സ്മിത്(Will Smith) അവതാരകനെ സ്റ്റേജിൽ കയറി മുഖത്തടിച്ചതിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. വിൽ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കെറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജൂഡിന്റെ പോസ്റ്റ്. അമ്മ, പെങ്ങൾ, ഭാര്യ, മകൾ എന്നിവരെ അപമാനിച്ചാൽ അപ്പോൾ തന്നെ അടി കൊടുക്കണമെന്നും ഭാര്യയുടെ യഥാർത്ഥ താരമാണ് വിൽ സ്മിത്തെന്നും ജുഡ് കുറിക്കുന്നു.

'Real star with his wife . അമ്മയെ , പെങ്ങളെ , ഭാര്യയെ ,മകളെ അപമാനിച്ചവനെ ആദ്യം സ്പോട്ടിൽ കൊടുക്കുക, നിങ്ങളുടെ മുൻപിൽ വച്ചാണെകിൽ കൊടുത്തില്ലേൽ നിങ്ങൾ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാൻ കൊള്ളാം', എന്നായിരുന്നു ജുഡ് ഫേസ്ബുക്കിൽ കുറിച്ചത്. 

ഭാര്യയെക്കുറിച്ചുള്ള അവതാരകന്റെ പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒടുവിൽ മികച്ച നടനുള്ള അവാർഡ് സ്വീകരിച്ചു കൊണ്ട് സംഭവത്തിൽ സ്മിത് മാപ്പു പറയുകയും ചെയ്തു. ”അക്കാദമിയോട് മാപ്പ് പറയുകയാണ്. എന്റെ എല്ലാ നോമിനികളോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഒരു അവാര്‍ഡ് നേടിയതിലല്ല ഞാന്‍ കരയുന്നത്. ജനങ്ങളുടെ മേല്‍ വെളിച്ചമായി തിളങ്ങാനും വെളിച്ചം പകരാനും സാധിച്ചതിനാലാണ് കണ്ണുകൾ നിറയുന്നത്. കിംഗ് റിച്ചാര്‍ഡിന്റെ എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂവിനും വില്യംസ് കുടുംബത്തിനും നന്ദി. സ്നേഹം ചിലപ്പോൾ നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. ഞാന്‍ ഓസ്‌കാര്‍ അക്കാദമിയോടും എല്ലാ സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. അക്കാദമി ഇനിയും എന്നെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നന്ദി,” വില്‍ സ്മിത് പറഞ്ഞിരുന്നു. ശേഷം സോഷ്യൽ മീഡിയ വഴിയും അവതാരകനായ ക്രിസ് റോക്കിനോട് സ്മിത് മാപ്പ് ചോദിച്ചിരുന്നു.

വില്‍ സ്‍മിത്തിന്‍റെ കുറിപ്പ്

"ഏത് രൂപത്തിലുമുള്ള ഹിംസ വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ എന്‍റെ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്. എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‍ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എന്‍റെ പ്രതികരണം.

ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവര്‍ത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ആയിത്തീരാന്‍ ആഗ്രക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയല്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.

അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ യാത്രയെ എന്‍റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഒരു വര്‍ക്ക് ഇന്‍ പ്രോഗ്രസ് ആണ് ഞാന്‍. വിശ്വസ്തതയോടെ, വില്‍."