Asianet News MalayalamAsianet News Malayalam

'സിനിമ സംവിധാനം ചെയ്യാന്‍ പോലും കോഴ്സ് പഠിച്ചിട്ടില്ല'; പ്രതികരണവുമായി ജൂഡ് ആന്‍റണി

അഞ്ജലി മേനോന്‍റെ പേര് പരാമര്‍ശിക്കാതെയാണ് ജൂഡിന്‍റെ കുറിപ്പ്

jude anthany joseph reacts to anjali menon interview controversy about movie reviews
Author
First Published Nov 16, 2022, 5:51 PM IST

നിരൂപകര്‍ സിനിമയെന്ന മാധ്യമത്തെ കൂടുതല്‍ അറിയേണ്ടതും പഠിക്കണ്ടതും ആവശ്യമാണെന്ന സംവിധായിക അഞ്ജലി മേനോന്‍റെ അഭിപ്രായ പ്രകടനം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. സിനിമ കാണുന്ന പ്രേക്ഷകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംവിധായിക വെല്ലുവിളിക്കുകയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു പ്രതികരണങ്ങളില്‍ കൂടുതലും. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. സിനിമ ചെയ്യാന്‍വേണ്ടി പോലും താന്‍ കോഴ്സ് പഠിച്ചിട്ടില്ലെന്നു പറയുന്നു ജൂഡ്. അഞ്ജലി മേനോന്‍റെ പേര് പരാമര്‍ശിക്കാതെയാണ് ജൂഡിന്റെ പോസ്റ്റ്.

"ഞാൻ സിനിമാ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ. നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. As simple as that", ജൂഡ് ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ : 'ഗോള്‍ഡ്' എപ്പോള്‍ എത്തും? റിലീസ് തീയതി സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍

അതേസമയം സാധാരണ പ്രേക്ഷകരെയല്ല നിരൂപകരെയാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി അഞ്ജലി മേനോന്‍ രംഗത്തെത്തിയിരുന്നു- "ചലച്ചിത്ര നിര്‍മ്മാണ രീതിയെക്കുറിച്ചുള്ള അറിവ് പ്രൊഫഷണല്‍ ഫിലിം റിവ്യൂവിംഗിന് എങ്ങനെ ഗുണകരമാവുമെന്നാണ് ഞാന്‍ പറഞ്ഞത്. ചലച്ചിത്ര മാധ്യമ പ്രവര്‍ത്തക ഉദയ താര നായരുടെ റിവ്യൂവിംഗ് രീതിയെ ഞാന്‍ ഉദാഹരിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകര്‍ തന്നെ കൌതുകകരവും വിശദവുമായ നിരൂപണങ്ങള്‍ എഴുതുന്ന സമയത്ത് പ്രൊഫഷണല്‍ നിരൂപകര്‍ അതിനും മേലെ ലക്ഷ്യം വെക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ പ്രതികരണങ്ങളെയും നിരൂപണങ്ങളെയും എക്കാലവും ഞാന്‍ വിലമതിച്ചിട്ടുണ്ട്. കാണുന്ന സിനിമയെക്കുറിച്ച് നല്ലതോ മോശമോ ആയ അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും പ്രേക്ഷകര്‍ക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം. പ്രേക്ഷകരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ക്കായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണന്നാണ് ആ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞതും. ഇന്‍റര്‍വ്യൂവില്‍ ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാനാണ് ഈ കുറിപ്പ്. നന്ദി", എന്നായിരുന്നു അഞ്ജലിയുടെ കുറിപ്പ്.

Follow Us:
Download App:
  • android
  • ios