ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്‍ത കൊറിയൻ പോപ് താരങ്ങള്‍ക്ക് തടവ് ശിക്ഷ വിധിച്ചു. ജുങ് ജൂൻ യങ്ങ് , ചോയി ജോങ് ഹൂൻ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.  ഇരുവരെയും ജയിലില്‍ അടക്കുകയും ചെയ്‍തു.

ഇരുവര്‍ക്കും  സെക്ഷ്വല്‍ വയലൻസ് ട്രീറ്റ്മെന്റ് നല്‍കാനും വിധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്.  മദ്യപിച്ച് ബോധരഹിതരായ സ്‍ത്രീകളെ കൂട്ടബലാത്സംഗം ചെയ്‍തെന്നാണ് ജുങ് ജൂൻ യങ്ങ് , ചോയി ജോങ് ഹൂൻ എന്നിവര്‍ക്ക് എതിരെയുടെ കേസ്. ജുങ് ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചെന്നും കേസുണ്ട്.  ജുങിന് ആറ് വര്‍ഷം തടവും ചോയി ജോങിന് അഞ്ച് വര്‍ഷവുമാണ് തടവ് ശിക്ഷ. ജുങ് നിരവധി ഓണ്‍ലൈൻ ചാറ്റ് ഗ്രൂപ്പുകളില്‍ ബലാത്സംഗം സംബന്ധിച്ച തമാശകള്‍ പറയുകയും ചെയ്‍തെന്നും കേസുണ്ട്.  മദ്യപിച്ച് ബോധരഹിതരായ സ്‍ത്രീകളെ നഗ്നരാക്കുകയും അത് ചിത്രീകരിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‍ത് അതിന്റെ വീഡിയോ ഓണ്‍ലൈൻ  ഗ്രൂപ്പ് ചാറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്‍തിനാണ് ശിക്ഷയെന്ന് ജഡ്‍ജ് കാംഗ് സിയോംഗ് സൂ പറഞ്ഞു.  പോലീസ് മറ്റൊരു കേസ് അന്വേഷിക്കുന്നതിനിടെയാണ് രണ്ട് പോപ്പ് താരങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. ജംഗിന്റെ ഗ്രൂപ്പ് ചാറ്റിൽ അംഗമായിരുന്ന കൊറിയൻ പോപ് സൂപ്പർ സ്റ്റാർ സിയുങ്‌രിക്കെതിരെയായിരുന്നു അന്വേഷണം. ബിഗ്-ബാംഗ് എന്ന ജനപ്രിയ ബാൻഡിന്റെ സിയുങ്‌രി, ബിസിനസ്സ് നിക്ഷേപകർക്ക്  വേശ്യകളെ എത്തിച്ചുകൊടുത്തുവെന്നാണ് കേസ്.