മലയാള നോവലുകളിലെ മികച്ച കഥാപാത്രങ്ങള്‍ കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ വെള്ളിത്തിരയിലേക്ക് എത്തി.


ഇന്ന് കാണുന്ന മലയാള സിനിമയ്‍ക്ക് അടിത്തറയിട്ടവരില്‍ പ്രമുഖനാണ് കെ എസ് സേതുമാധവൻ ( K S Sethumadhavan). മലയാള സാഹിത്യവും മലയാള സിനിമയും തമ്മില്‍ പാലമായി വര്‍ത്തിച്ചു കെ എസ് സേതുമാധവൻ. മലയാളത്തിന്റെ മികവുറ്റ അക്ഷരങ്ങള്‍ക്ക് സിനിമാ രൂപം നല്‍കിയവരില്‍ പ്രധാനി സേതുമാധവൻ തന്നെയാണ്. കെ എസ് സേതുമാധവൻ തന്റെ സിനിമകളിലൂടെ മലയാളത്തിന്റെ അക്ഷരങ്ങള്‍ക്ക് പ്രണാമമര്‍പ്പിക്കുകയായിരുന്നു.

'ഓടയില്‍ നിന്ന്' എന്ന പി കേശവദേവിന്റെ നോവല്‍ അതേ പേരില്‍ കെ എസ് സേതുമാധവൻ 1965ല്‍ വെള്ളിത്തിരയിലെത്തിച്ചു. പി കേശവദേവ് തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. മലയാളത്തിന്റെ മഹാനടന്‍ സത്യന്റെ ഒരു മികച്ച വേഷവും 'ഓടയില്‍ നിന്ന്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ കണ്ടു. പ്രേം നസീറും സത്യനൊപ്പം ചിത്രത്തില്‍ കഥാപാത്രമായി എത്തി. മലയാറ്റൂര്‍ രാമകൃഷ്‍ണന്റെ 'യക്ഷി' എന്ന നോവലിനും അതേപേരില്‍ കെ എസ് സേതുമാധവൻ ചലച്ചിത്രരൂപം നല്‍കി. 1968ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായ 'യക്ഷി'ക്ക് തോപ്പില്‍ ഭാസി തിരക്കഥ എഴുതിയപ്പോള്‍ സത്യൻ തന്നെയായിരുന്നു നായകൻ.

കെ ടി മുഹമ്മദിന്റെ 'കടല്‍പ്പാലം' എന്ന നാടകവും കെ എസ് സേതുമാധവൻ വെള്ളിത്തിരയിലേക്ക് എത്തിച്ചു. കെ ടി മുഹമ്മദ് തന്നെയായിരുന്നു ചിത്രത്തിന് തിരക്കഥ എഴുതിയത്. സത്യൻ മികച്ച നടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡും 'കടല്‍പ്പാല'ത്തിലൂടെ നേടി. 'അര നാഴിക നേരം' എന്ന പ്രശസ്‍തമായ നോവല്‍ പാറപ്പുറത്തിന്റെ തന്നെ തിരക്കഥയില്‍ കെ എസ് സേതുമാധവൻ സിനിമയാക്കി. കൊട്ടാരക്കര ശ്രീധരൻ നായര്‍, സത്യൻ, പ്രേം നസീര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി. കെ എസ് സേതുവമാധന് കേരള സര്‍ക്കാര്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് 'അര നാഴിക നേര'ത്തിന് സമ്മാനിച്ചു. മികച്ച കഥയ്‍ക്കുള്ള അക്കൊല്ലത്തെ കേരള സംസ്ഥാന അവാര്‍ഡ് പാറപ്പുറത്തിനായി. കൊട്ടാരക്കര ശ്രീധരൻ നായര്‍ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

പാറപ്പുറത്തിന്റെ 'പണിതീരാത്ത വീട്' എന്ന നോവലും അതേ പേരില്‍ കെ എസ് സേതുമാധവൻ സിനിമയാക്കി. പ്രേം നസീറായിരുന്നു ഇത്തവണ ചിത്രത്തിലെ നായകൻ. പമ്മന്റെ നോവല്‍ ആധാരമാക്കിയും സിനിമയെടുത്ത് ഹിറ്റാക്കി കെ എസ് സേതുമാധവൻ. തോപ്പില്‍ ഭാസിയുടെ തിരക്കഥയിലുള്ള ചിത്രം 'ചട്ടക്കാരി' അതേ പേരിലുള്ള പമ്മന്റെ നോവലിന്റെ സിനിമാവിഷ്‍കാരമായിരുന്നു. സംവിധായകൻ പി പത്മരാജന് കേരള സംഗീത അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത 'നക്ഷത്രങ്ങളേ കാവല്‍' വെള്ളിത്തിരയിലേക്ക് എത്തിച്ചതും കെ എസ് സേതുമാധവനാണ്. 'ഓപ്പോള്‍' എന്ന പേരിലുള്ള ചിത്രം തിരക്കഥാകൃത്തായ എം ടി വാസുദേവൻ നായരുടെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 'ഓപ്പോള്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലൻ കെ നായര്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ കെ സേതുമാധവൻ സംസ്ഥാനത്ത് മികച്ച സംവിധായകനായി.