ബോബി- സഞ്ജയ് തിരക്കഥയൊരുക്കിയ ചിത്രം

ടൊവീനോ തോമസ് (Tovino Thomas), സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകന്‍ (Manu Ashokan) സംവിധാനം ചെയ്ത ത്രില്ലര്‍ ഡ്രാമ ചിത്രം കാണെക്കാണെയുടെ (Kaanekkaane) ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ (Asianet). ഫെബ്രുവരി 20 ഞായറാഴ്ച വൈകിട്ട് 5 മണി മുതലാണ് പ്രദര്‍ശനം. ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ 2021 സെപ്റ്റംബര്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. സോണി ലിവിന്‍റെ മലയാളത്തില്‍ നിന്നുള്ള ആദ്യ ഡയറക്ട് റിലീസുമായിരുന്നു ചിത്രം.

പേടിയും ടെൻഷനും കുറ്റബോധവുമെല്ലാം കൊണ്ട് ഉഴറുന്ന ഒരു മനുഷ്യന്റെ ദൈന്യതയും നിസ്സഹായതയുമൊക്കെ ചേർന്ന ഒരു കഥാപാത്രമാണ് ടൊവീനോ അവതരിപ്പിക്കുന്ന അലന്‍. വാഹനാപകടത്തിൽ മരിച്ച മകളുടെ ഓർമ്മകളും പേറി ജീവിക്കുന്ന ഡെപ്യൂട്ടി തഹസീൽദാര്‍ ആയ പോൾ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. മകളുടെ മരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഈ കഥാപാത്രം. സങ്കീർണ്ണമായ ജീവിതപരിസരങ്ങളിൽ പക്വതയോടെ പെരുമാറുന്ന സ്നേഹ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്. മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി രാമചന്ദ്രൻ, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ്, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിരിക്കുന്നു. 

പ്രഖ്യാപിത കഥാപാത്രങ്ങളുടെ പാറ്റേൺ പിൻതുടരാതെ ശരിയും തെറ്റുമൊക്കെ ആപേക്ഷികമാവുന്ന ജീവിതസാഹചര്യങ്ങളെ നന്നായി വരച്ചുകാണിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബോബി, സഞ്ജയ് ആണ്. മനു അശോകന്‍റെ ആദ്യ ചിത്രമായിരുന്ന ഉയരെയുടെ തിരക്കഥയും ഇവരുടേതായിരുന്നു. 

ഡ്രീം കാച്ചറിന്‍റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആല്‍ബി ആന്‍റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക് ശശികുമാര്‍, സംഗീതം രഞ്ജിന്‍ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്‍ണകുമാറുമാണ് പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. ഒടിടി റിലീസ് സമയത്ത് മികച്ച അഭിപ്രായം നേടിയ ചിത്രമാണിത്. സുരാജ് വെഞ്ഞാറമൂടിന്‍റെ പ്രകടനത്തിനും വലിയ കൈയടികള്‍ കിട്ടിയിരുന്നു.