സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കുള്ള സമ്മാനമായി വരാനിരിക്കുന്ന സിനിമകളുടെ ടീസറും മോഷന്‍ പോസ്റ്ററും. നിധിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തിലെത്തുന്ന 'കാവലി'ന്‍റെ ടീസറും സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററുമാണ് പിറന്നാള്‍ ദിനമായ വെള്ളിയാഴ്ച എത്തുക.

 

ജനുവരി അവസാനം ചിത്രീകരണം ആരംഭിച്ച കാവല്‍ നിധിന്‍ രണ്‍ജി പണിക്കരുടെ രണ്ടാം ചിത്രമാണ്. മമ്മൂട്ടി നായകനായ കസബ ആയിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റചിത്രം. കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തന്നെയാണ് കാവലും നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍.

അതേസമയം സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ മാത്യൂസ് തോമസ് ആണ്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. മാസ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കുന്ന ചിത്രമെന്നാണ് നിര്‍മ്മാതാവിന്‍റെ വാഗ്‍ദാനം. സോഷ്യല്‍ മീഡിയയില്‍ മുന്‍പു പ്രചരിച്ച, നരച്ച താടിയും കൊമ്പന്‍ മീശയുമുള്ള തന്‍റെ ലുക്ക് ഈ സിനിമയ്ക്കുവേണ്ടിയുള്ളതാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.