ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രം

മലയാളത്തിലെ പുതുവത്സര റിലീസുകളില്‍ ഒന്നായിരുന്നു ഷെബി ചൌഘട്ട് സംവിധാനം നിര്‍വ്വഹിച്ച കാക്കിപ്പട. ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇവിടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടിലും സ്വീകാര്യത നേടുകയാണ് ചിത്രം. തമിഴ് നിരൂപകര്‍ മികച്ച റിവ്യൂസ് ആണ് ചിത്രത്തിന് നല്‍കുന്നത്. 3.5 റേറ്റിംഗ് ആണ് പലരും ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 

കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തുള്ള സംവിധാന മികവുമാണ് ചിത്രം പ്രേക്ഷകഹൃദയത്തിൽ ഇടംപിടിക്കാനുള്ള പ്രധാന കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചിത്രത്തിന്‍റെ തമിഴ് റീമേക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ പോവുകയാണ്. തമിഴ് റീമേക്കിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ALSO READ : 'മലൈക്കോട്ടൈ വാലിബന്‍' കാസ്റ്റിംഗ് പുരോഗമിക്കുന്നു; മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും

അതേസമയം കേരളത്തില്‍ രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന് മികച്ച നിരൂപണങ്ങളാണ് ലഭിക്കുന്നത്. പെൺകുട്ടികളുടെ സുരക്ഷയ്ക്ക് മുൻ തൂക്കം നൽകുന്ന, നീതി നിഷേധത്തിൻ്റെ ഗൗരവം വെളിവാക്കുന്ന ചിത്രമാണ് ഇതെന്ന് നടി മാല പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സമകാലികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അനീതിയെ തീയാക്കിമാറ്റുന്നതിൽ സംവിധായകൻ വിജയം കണ്ടിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം. കാണിയുമായി ഒരു വൈകാരികമായ പാരസ്പര്യം ഉണ്ടാക്കാനായി എന്നതാണ് ചിത്രത്തിന്‍റെ വിജയം. 

ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രമാണിത്. ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എസ് വി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെജി വലിയകത്താണ് നിര്‍മ്മാണം. നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറയിൽ, വിനോദ് സാക്, സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബു ലാബാൻ, മാല പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.