വ്യാഴാഴ്ച ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലും സൈന പ്ലേയിലും ചിത്രം എത്തിയിരുന്നു

സുമേഷ് മൂര്‍, ടൊവീനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത്ത് വി എസ് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'കള' വ്യാഴാഴ്ച ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലും സൈന പ്ലേയിലും എത്തിയിരുന്നു. എന്നാല്‍ ആമസോണ്‍ പ്രൈമിലെ പ്രദര്‍ശനത്തിന് ഇടയ്ക്ക് തടസം നേരിട്ടു. ഇന്നലെയാണ് ചിത്രം കണ്ടുകൊണ്ടിരുന്നവര്‍ക്കടക്കം ആമസോണില്‍ തടസ്സം നേരിട്ടത്. 'ഈ വീഡിയോ നിലവില്‍ ലഭ്യമല്ല' എന്ന സന്ദേശമാണ് ചിത്രം പുതുതായി സെര്‍ച്ച് ചെയ്‍തവര്‍ക്കും ലഭിച്ചത്. ഒടിടി റിലീസിനു തൊട്ടുപിന്നാലെയുള്ള ദിവസം ആയിരുന്നതിനാല്‍ ഇക്കാര്യം നിരവധി സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ ഇന്നലെ അര്‍ധരാത്രിയോടെ ആമസോണില്‍ ചിത്രം വീണ്ടും ലഭ്യമായിത്തുടങ്ങി.

ഇക്കാര്യം അറിയിച്ചുകൊണ്ട് ടൊവീനോ തന്നെ സോഷ്യല്‍ മീഡിയയിലൂടെ എത്തി. തടസ്സം നേരിട്ടത് സാങ്കേതിക തകരാര്‍ മൂലമാണെന്നും നിരവധി പേര്‍ ഇക്കാര്യം അറിയിക്കാനായി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്‍ത ചിത്രമാണ് കള. മാര്‍ച്ച് 25ന് ആയിരുന്നു തിയറ്റര്‍ റിലീസ്. ലോക്ക് ഡൗണിനു ശേഷമുള്ള കാലയളവായിരുന്നുവെങ്കിലും പ്രേക്ഷകര്‍ എത്തിയ ചിത്രമായിരുന്നു ഇത്. ആഖ്യാനത്തില്‍ വ്യത്യസ്തതയുള്ള ചിത്രത്തില്‍ സുമേഷ് മൂര്‍ നായകനും ടൊവീനോ പ്രതിനായകനുമാണ്. ദിവ്യ പിള്ള, ലാല്‍, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നു. യദു പുഷ്‍പാകരനും രോഹിത്ത് വി എസും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സെന്‍റ് സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്.