മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം ഡ്രാമ ചിത്രം 'കളങ്കാവല്‍' ജൂലൈ അഞ്ചിന് റിലീസിനെത്തുന്നു.
മലയാള സിനിമാപ്രേമികളില്‍ സമീപകാലത്ത് വലിയ പ്രീ റിലീസ് കാത്തിരുന്ന് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് കളങ്കാവല്‍. മമ്മൂട്ടി മറ്റൊരു നവാഗത സംവിധായകനൊപ്പം ഒന്നിക്കുന്ന ചിത്രത്തില്‍ വിനായകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം ജിതിന്‍ കെ ജോസ് ആണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കിയത് ജിതിന്‍ ആയിരുന്നു. പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പമെത്തുമോ ചിത്രം എന്നറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. അഞ്ചാം തീയതിയാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. അതിന് മുന്നോടിയായി ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. അഞ്ചാം തീയതി രാവിലെ 9.30 നാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. മമ്മൂട്ടിയുടെയും വിനായകന്‍റെയും പ്രൊമോഷണല്‍ അഭിമുഖങ്ങളും പ്രേക്ഷകപ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
ട്രെയ്‌ലറിന് മുൻപ് പുറത്ത് വന്ന, ചിത്രത്തിലെ "നിലാ കായും" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിരുന്നു. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. അതേസമയം ചിത്രത്തിന്‍റെ ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്കും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ പുറത്തെത്തിയ നിലാ കായും എന്ന ഗാനമുള്‍പ്പെടെ ചിത്രത്തിലെ അഞ്ച് ട്രാക്കുകള്‍ സ്പോട്ടിഫൈ, യുട്യൂബ് മ്യൂസിക്, പ്രൈം മ്യൂസിക് അടക്കം ഒന്‍പത് പ്ലാറ്റ്‍ഫോമുകളില്‍ നിലവില്‍ കേള്‍ക്കാനാവും.



