പ്രമുഖ ഹിന്ദി സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണവുമായി നടി പായല്‍ ഘോഷ് രംഗത്ത് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ അനുരാഗ് കശ്യപിന് പിന്തുണയുമായി മുൻ ഭാര്യയും നടിയുമായ കല്‍ക്കി കൊച്‍ലിൻ എത്തിയിരിക്കുന്നു.

ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ സര്‍ക്കസ് നിങ്ങളിലേക്ക് കൊണ്ടുവരാൻ അനുവദിക്കരുത്. നിങ്ങളുടെ തിരക്കഥകളിലെ സ്‍ത്രീകളുടെ സ്വാതന്ത്ര്യത്തിനായി നിങ്ങള്‍ നിലകൊണ്ടിട്ടുണ്ട്.  അവരുടെ ഇന്റഗ്രിറ്റിയെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിഗത ജീവിതത്തിലും സംരക്ഷിച്ചിട്ടുണ്ട്. ഞാൻ അതിന് സാക്ഷിയാണ്. തൊഴില്‍പരവും വ്യക്തിപരവുമായ ഇടങ്ങളില്‍ നിങ്ങള്‍ എല്ലായ്‍പോഴും എന്നെ തുല്യമായി കണ്ടിട്ടുണ്ട്. വിവാഹമോചനം കഴിഞ്ഞു പോലും നിങ്ങള്‍ എന്റെ ഇന്റഗ്രറ്റിക്ക് വേണ്ടി നിലകൊണ്ടു. മുമ്പ് തൊഴില്‍പരമായ ഒരു അന്തരീക്ഷത്തില്‍ ഞാൻ അരക്ഷിതത്വം അനുഭവിച്ചപ്പോള്‍ നിങ്ങള്‍ എന്നെ പിന്തുണച്ച് ഒപ്പം നിന്നിട്ടുണ്ട്. ഒരു കാര്യവും ആലോചിക്കാതെ പരസ്‍പരം ഇങ്ങനെ ചെളിവാരിയെറിയാൻ നോക്കുകയും വ്യാജമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന കാലം അപകടപരവും വെറുപ്പുളവാക്കുന്നതുമാണ്.  ഇത് കുടുംബങ്ങളെയും, സുഹൃത്തുക്കളെയും രാജ്യങ്ങളെയും നശിപ്പിക്കുകയാണ്.  എന്നാല്‍ ഇങ്ങനത്തെ വര്‍ച്വല്‍ രക്തം ചീന്തലുകള്‍ക്ക് അപ്പുറം അന്തസ്സുള്ള ഒരു സ്‍ഥലമുണ്ട്. നിങ്ങളുടെ ചുറ്റുമുള്ളവരുടെ സ്ഥലം, ദയ കാണിക്കുന്ന സ്ഥലം. നിങ്ങള്‍ ആ സ്ഥലത്ത് വളരെ പരിചതനാണ് എന്ന് എനിക്ക് അറിയാം.  ആ അന്തസ്സില്‍ തുടരുക, കരുത്തോടെ തുടരുക, നിങ്ങളുടെ ജോലി തുടരുക എന്നാണ് കല്‍ക്കി എഴുതിയിരിക്കുന്നത്.