'ഭര്‍ത്താവ് എവിടെയാണ്? നിനക്കെങ്ങനെ ഇങ്ങനെ ചെയ്യാന്‍ തോന്നി? ഇത്രയും ഇറുകിപ്പിടിച്ചു കിടക്കുന്ന വേഷം ധരിക്കരുത് തുടങ്ങിയ ചോദ്യങ്ങളാണ് കൂടുതലും ഉയരുന്നത്.
മുംബൈ: ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കൽക്കി കൊച്ലിൽ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. ഇസ്രായേലി പിയാനിസ്റ്റായ ഗയ് ഹേഷ്ബര്‍ഗുമായി കൽക്കി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ അഞ്ച് മാസം ഗർഭിണിയാണെന്ന് കൽക്കി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വിവാഹിതയാകാതെ ഗർഭം ധരിച്ചെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും തുറന്നു പറയുകയാണ് കൽക്കി. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കൽക്കിയുടെ തുറന്നുപറച്ചിൽ.
വിവാഹത്തിന് മുമ്പേ ഗർഭിണിയായതിൽ തന്നെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ ഭർത്താവ് എവിടെ എന്ന ചോദ്യം ആരാധകരടക്കം വ്യാപകമായി ഉന്നയിച്ചിരുന്നു. ധരിക്കുന്ന വസ്ത്രത്തെക്കുറിച്ചും വിമർശനങ്ങൾ നേരിടേണ്ടി വന്നതായും കൽക്കി പറയുന്നു.
'ഭര്‍ത്താവ് എവിടെയാണ്? നിനക്കെങ്ങനെ ഇങ്ങനെ ചെയ്യാന്‍ തോന്നി? ഇത്രയും ഇറുകിപ്പിടിച്ചു കിടക്കുന്ന വേഷം ധരിക്കരുത് തുടങ്ങിയ വിമർശനങ്ങളാണ് കൂടുതലും ഉയരുന്നത്. എന്നാൽ, ഈ വിമർശിക്കുന്നവരെയൊന്നും എനിക്ക് വ്യക്തിപരമായി അറിയില്ല. അതുകൊണ്ട് തന്നെ അതൊന്നും എന്റെ ജീവിതത്തെ ബാധിക്കുന്നുമില്ല. നിങ്ങളൊരു സെലിബ്രിറ്റി ആണ്. ഇപ്പോൾ സെലിബ്രിറ്റി അല്ലെങ്കിലും നിങ്ങള്‍ക്ക് ഒരു അഭിപ്രായമുണ്ടെങ്കിൽ അതിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകും.
പക്ഷേ അടുത്ത ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളുമൊക്കെ ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ ഒരുപക്ഷെ അതെന്നെ ബാധിക്കും. എന്റെ ചുറ്റുമുള്ള എല്ലാവർക്കും അറിയാം ഞാൻ വിവാഹം കഴിച്ചിട്ടില്ലെന്ന്. എങ്കിലും ഫ്ലാറ്റിലെ അയൽവാസികളായ ചേച്ചിമാരടക്കം തന്നെ പരിപാലിക്കുന്നതിനായി സമീപിക്കാറുണ്ട്. കുറച്ച് ചായ ആയാല്ലോ, എന്ന് ചോദിച്ചെത്തുന്ന ആൻ്റിമാരും വളരെ സ്നേഹമുള്ളവരാണ്- കല്‍ക്കി പറയുന്നു.
കഴിഞ്ഞ രണ്ടുവർഷമായി ഗയ് ഹേഷ്ബര്‍ഗുമായി കൽക്കി പ്രണയത്തിലാണ്. സര്‍വ സ്വതന്ത്ര്യവും അനുഭവിക്കുന്ന ആളായിട്ടായിരിക്കും കുഞ്ഞിനെ വളര്‍ത്തുകയെന്നും ഗര്‍ഭധാരണം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും കല്‍ക്കി നേരത്തെ പറഞ്ഞിരുന്നു. ജലപ്രസവമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിനായി ഗോവയിലേക്ക് തിരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
നേരത്തെ താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ആദ്യ ഭർത്താവും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ പ്രതികരണത്തെക്കുറിച്ച് കൽക്കി തുറന്ന് പറഞ്ഞിരുന്നു. മാതാപിതാക്കളുടെ കൂട്ടായ്മയിലേക്ക് സ്വാഗതം എന്നായിരുന്നു അനുരാഗ് ആദ്യമായി പറഞ്ഞത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കാനും അദ്ദേഹം പറഞ്ഞിട്ടിണ്ടെന്നും കൽക്കി വ്യക്തമാക്കി. 2011-ലാണ് അനുരാഗ് കശ്യപുമായുള്ള കൽക്കിയുടെ വിവാഹം. നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2015-ൽ ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹമോചനത്തിന് ശേഷവും കല്‍ക്കിയും അനുരാഗ് കശ്യപും ഊഷ്മളമായ ബന്ധമാണ് സൂക്ഷിക്കുന്നത്.
ബോളിവുഡ് ചിത്രങ്ങളായ ദേവ് ഡി, എ ഡെത്ത് ഇന്‍ ഗഞ്ച്, റിബണ്‍, ഗള്ളി ബോയ്, സിന്ദഗി നാ മിലേദി ദോബാര, യെഹ് ജവാനി യെഹ് ദിവാനി എന്നിവയാണ് കൽക്കിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. നിരവധി ഡൊക്യുമെന്ററികളിലും ഹസ്വചിത്രങ്ങളിലും കൽക്കി അഭിനയിച്ചിട്ടുണ്ട്. അജിത്തിന്റെ പുതിയ ചിത്രമായ നേര്‍കൊണ്ട പാര്‍വൈയില്‍ അതിഥി വേഷത്തില്‍ കൽക്കി എത്തുന്നുണ്ട്.
