2023 മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം

സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുന്ന പ്ലാറ്റ്‍ഫോമുകള്‍ ഇന്ന് പലതാണ്. തിയറ്റര്‍ റിലീസില്‍ കാണാത്തവര്‍ പുതിയ സിനിമകള്‍ കാണുന്നത് മിക്കവാറും ഒടിടിയില്‍ ആയിരിക്കും. മറ്റു ചിലര്‍ ടെലിവിഷനിലും. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷം നിര്‍മ്മാതാക്കളാല്‍ത്തന്നെ യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രം അവിടെയും വലിയ തോതില്‍ പ്രേക്ഷകരെ നേടുകയാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രമാണ് ഇത്. 

2023 മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പിന്നീട് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ്. രണ്ടിടങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് നേരത്തെ യുട്യൂബില്‍ എത്തി മികച്ച കാഴ്ച നേടിയിരുന്നു, പിന്നാലെയാണ് മലയാളം പതിപ്പും യുട്യൂബില്‍ എത്തിയത്. ഈസ്റ്റ് കോസ്റ്റിന്‍റെ യുട്യൂബ് ചാനലിലൂടെ എത്തിയ ചിത്രം പത്ത് ദിവസം കൊണ്ട് 2 മില്യണോളം (20 ലക്ഷം) കാഴ്ചകളാണ് നേടിക്കഴിഞ്ഞിരിക്കുന്നത്. 1600 ല്‍ ഏറെ കമന്‍റുകളും ചിത്രത്തിന് യുട്യൂബില്‍ ലഭിച്ചിട്ടുണ്ട്. 

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്തപ്പന്‍ എന്ന കള്ളന്‍റെ രസകരമായ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. പാലക്കാടിന്റെ ഹരിതാഭയാർന്ന മനോഹാരിതയും വശ്യത തുളുമ്പുന്ന ഗാനങ്ങളുമൊക്കെ ചിത്രത്തിന്റെ പ്രത്യേകതയാണ്. മാത്തപ്പന്‍ എന്ന കള്ളന്‍റെ മുന്നില്‍ ഒരിക്കല്‍ ഭഗവതി പ്രത്യക്ഷപ്പെടുകയാണ്. പിന്നീടുള്ള രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. സലിം കുമാര്‍, പ്രേംകുമാര്‍, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ, ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ വി അനിൽ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു. അതേസമയം ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ചാന്താട്ടം എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

ALSO READ : ഭർത്താവിനൊപ്പം സന്തോഷവതിയായി മീര വാസുദേവ്; പരിഹസിച്ചവർക്ക് മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം