നടന്‍ രവീന്ദ്ര ജയന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം
നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ എന്ന ശ്രീമയി സിനിമയിലേക്ക്. ജയന്‍ ചേര്‍ത്തല എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ രവീന്ദ്ര ജയന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെയും സിനിമാ അരങ്ങേറ്റം. വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ചിങ്ങം ഒന്ന് വ്യാഴാഴ്ച്ച അടൂരിൽ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്. ശ്രീസംഖ്യയ്ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉർവ്വശിയാണ് ചിത്രീകരിച്ച ആദ്യ രംഗത്തിൽ പങ്കെടുത്തത്.
സ്കൂൾ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാർത്ഥികളുടെ സൗഹൃദത്തിൻ്റെയും ബന്ധങ്ങളുടെയും കഥ നർമ്മവും ത്രില്ലും കോർത്തിണത്തി അവതരിപ്പിക്കുകയാണ്. സ്കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖ ടീച്ചർ എന്ന കഥാപാത്രത്തെയാണ് ഉർവ്വശി അവതരിപ്പിക്കുന്നത്. ഏറെ അഭിനയ സാദ്ധ്യതകളുള്ള അതിശക്‌തമായ ഒരു ഥാപാത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ഫുട്ബോൾ പരിശീലക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീസംഖ്യ അവതരിപ്പിക്കുന്നത്. അരങ്ങേറ്റ ചിത്രത്തില്‍ ചിറ്റമ്മയ്ക്കൊപ്പം അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ശ്രീസംഖ്യ പറഞ്ഞു.

ഇന്ദ്രൻസ്, ഷമ്മി തിലകൻ, ജോണി ആൻ്റണി, രൺജി പണിക്കർ, മധുപാൽ, സോഹൻ സീനുലാൽ, അരുൺ ദേവസ്യ, വി കെ ബൈജു, കലാഭവൻ ഹനീഫ്, ബാലാജി ശർമ്മ, മീര നായർ, മഞ്ജു പത്രോസ് എന്നിവർക്കൊപ്പം കുട്ടികളായ ഗോഡ്‍വിന്‍ അജീഷ, മൃദുൽ, ശ്രദ്ധ ജോസഫ്, അനുശ്രീ പ്രകാശ്, ആൽവിൻ, ഡിനി ഡാനിയേൽ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
രചന നിജീഷ് സഹദ്ധേൻ, അഡീഷണൽ സ്കിപ്റ്റ് കലേഷ് ചന്ദ്രൻ, ബിനുകുമാർ ശിവദാസൻ. വിനായക് ശശികുമാറിൻ്റെ വരികൾക്ക് സുബിൻ ജേക്കബ് ഈണം പകർന്നിരിക്കുന്നു. ജിജു സണ്ണി ഛായാഗ്രഹണവും ഗ്രേസൺ ഏസിഎ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം അനീഷ് കൊല്ലം, കോസ്റ്റ്യൂം ഡിസൈൻ സുകേഷ് താനൂർ, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായണൻ, ലൈൻ പ്രൊഡ്യൂസർ ബെൻസി അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, പ്രൊഡക്ഷൻ മാനേജർ അഖിൽ, പ്രൊഡക്ഷൻ കൺട്രോളർ നജീബ്. പിആര്‍ഒ വാഴൂർ ജോസ്.
