തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് ഇപ്പോള്‍ 'വിക്രം'

കമല്‍ ഹാസനൊപ്പം ആദ്യമായി സ്ക്രീന്‍ പങ്കിടുന്നതിന്‍റെ ആവേശത്തിലാണ് ഫഹദ് ഫാസില്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്ര'ത്തില്‍ കമലിനൊപ്പം പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നത്. വിജയ് സേതുപതിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരെയ്‍നും കാളിദാസ് ജയറാമും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് 'വിക്രം' ടീം. ഒപ്പം ഫഹദിന്‍റെ ഒരു സ്പെഷല്‍ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട് അണിയറക്കാര്‍.

Scroll to load tweet…

ഫഹദിന് ഐശ്വര്യസമ്പൂര്‍ണ്ണമായ പിറന്നാള്‍ ആശംസകള്‍ നേരുന്നതായി കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്‍തു. ലോകേഷ് കനകരാജും ട്വിറ്ററിലൂടെ ഫഹദിന് ആശംസകള്‍ നേര്‍ന്നു. ഒപ്പം ഫഹദിന് ബര്‍ത്ത്ഡേ ട്രിബ്യൂട്ട് നല്‍കിയുള്ള വിക്രം പോസ്റ്ററും ലോകേഷ് പങ്കുവച്ചിട്ടുണ്ട്. ഫഹദിന്‍റെ പിറന്നാള്‍ ദിനത്തില്‍ #Vikram എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.

Scroll to load tweet…

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് ഇപ്പോള്‍ 'വിക്രം'. താരനിര തന്നെ അതിനു കാരണം. 'മാസ്റ്ററി'നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ ഹാസന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona