Asianet News MalayalamAsianet News Malayalam

'എന്‍റെ കേരള സര്‍ക്കാര്‍ എന്ന് പറയും'; കൊവിഡ് പ്രതിരോധത്തില്‍ അഭിനന്ദനവുമായി കമല്‍ ഹാസന്‍

'തമിഴ്‍നാട്ടിലേത് അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ്. ഈ സമയത്തെങ്കിലും അവര്‍ അവര്‍ തിരുത്തലിന് തയ്യാറാവണം. അല്ലാത്തപക്ഷം അടുത്ത തെരഞ്ഞെടുപ്പ് അവരെ തിരുത്തും..'

kamal haasan appreciates kerala government for covid 19 measures
Author
Thiruvananthapuram, First Published May 5, 2020, 7:58 PM IST

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കമല്‍ ഹാസന്‍. കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തന്നെ സന്തോഷവാനാക്കുന്നുവെന്നും ഒഡിഷയും അതുപോലെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനമാണെന്നും കമല്‍ പറയുന്നു. തമിഴ്‍നാട്ടിലെ എടപ്പാടി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കമല്‍ അവര്‍ തിരുത്തലിന് തയ്യാറായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് അവരെ തിരുത്തുമെന്നും അഭിപ്രായപ്പെടുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കമല്‍ ഹാസന്‍റെ പ്രതികരണം.

"എന്‍റെ കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം എന്നെ സന്തോഷവാനാക്കുന്നു. 'എന്‍റെ' എന്നത് ഞാന്‍ അഭിമാനത്തോടെ പറയുന്നു. ഒഡീഷയും അതുപോലെതന്നെ. നന്നായി പ്രവര്‍ത്തിച്ച എന്‍റെ രണ്ട് ബന്ധുക്കളെ ചൂണ്ടിക്കാട്ടുകയാണ് ഞാന്‍. മറ്റുള്ളവര്‍ മോശമാണെന്ന് അതിന് അര്‍ഥമില്ല. അവരുടെ വിജയത്തില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ടതുണ്ട്. അതുപോലെതന്നെ മറ്റുള്ളവരുടെ പരാജയത്തില്‍ നിന്നും നാം പഠിക്കണം. സന്തോഷം ആഘോഷിക്കുക മാത്രമല്ല ചെയ്യേണ്ടത്. മറിച്ച് തോല്‍വിയില്‍ നിന്ന് പഠിക്കേണ്ടതുമുണ്ട്. ഇത് പ്രധാനമാണ്. തമിഴ്‍നാട് (സര്‍ക്കാര്‍) കൂടുതല്‍ സുതാര്യത പരിശീലിക്കേണ്ടതുണ്ട്. ജീവിതം ക്ഷണികമാണെന്ന് മനസിലാക്കേണ്ടതുണ്ട്, അതുപോലെയാണ് ലാഭവും അതിന്‍റെ കമ്മിഷനുമെന്നും. തമിഴ്‍നാട്ടിലേത് അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ്. ഈ സമയത്തെങ്കിലും അവര്‍ അവര്‍ തിരുത്തലിന് തയ്യാറാവണം. അല്ലാത്തപക്ഷം അടുത്ത തെരഞ്ഞെടുപ്പ് അവരെ തിരുത്തും", കമല്‍ ഹാസന്‍ പ്രതികരിച്ചു.

നേരത്തെ കൊവിഡ് ദുരിതാശ്വാസ നിധികളിലേക്ക് ധനസഹായം പ്രഖ്യാപിച്ച കമല്‍ ഹാസന്‍ തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്‍തിരുന്നു. ദിനേനയുടെ ഉപജീവനത്തിനായി സാധാരണ ജോലികള്‍ ചെയ്യുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും. ഒരു തൊഴില്‍ പരരക്ഷയും ലഭിക്കുന്നവരല്ല അവര്‍. കെട്ടിടനിര്‍മ്മാണത്തൊഴിലാളികളും കര്‍ഷകരും മത്സ്യത്തൊഴിലാളികളുമൊക്കെ ഇക്കൂട്ടത്തില്‍ പെടും. രാജ്യത്തെ നിര്‍മ്മിക്കുന്നവരും സാമ്പത്തികാടിത്തറയ്ക്ക് ശക്തി പകരുന്നവരുമാണ് ഈ വിഭാഗം. അവരെ കാണാതെ പോകരുത്", പ്രധാനമന്ത്രിക്കുള്ള കത്തില്‍ കമല്‍ കുറിച്ചിരുന്നു. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപക നേതാവു കൂടിയാണ് കമല്‍ ഹാസന്‍. 

Follow Us:
Download App:
  • android
  • ios