മുംബൈ: കുടിയേറ്റ തൊഴിലാളികള്‍ മുംബൈയില്‍ പ്രതിഷേധത്തിനിറങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും അവരെയും കൂടി പരിഗണിച്ചാവണം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതെന്നും കമൽഹാസൻ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം ടൈംബോംബ് പോലെയാണെന്നും അത് കൊവിഡ് 19നെക്കാൾ ​ഗുരുതരമാകും മുമ്പ് പരിഹരിക്കണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. ‘ആദ്യം ദില്ലി ഇപ്പോള്‍ മുംബൈ. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി ഒരു ടൈം ബോബാണ്. കൊവിഡിനേക്കാള്‍ വലിയ പ്രതിസന്ധിയാകുന്നതിന് മുമ്പ് അത് നിര്‍വീര്യമാക്കണം. ഏറ്റവും താഴെത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ബാല്‍ക്കണി സര്‍ക്കാര്‍ ശ്രദ്ധിക്കണം’, കമല്‍ ട്വിറ്ററില്‍ കുറിച്ചു. ചൊവ്വാഴ്ചയാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങിയത്. ലോക്ക് ‍ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെയാണ് മുംബൈയിലെ ബാന്ദ്രയില്‍ വലിയ രീതിയില്‍ കുടിയേറ്റ തൊഴിലാളികള്‍ ഒന്നിച്ച് കൂടിയത്. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ ഒന്നിച്ച് കൂടിയത്. കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം മറികടന്നായിരുന്നു തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചത്.

Read Also: ലോക്ക് ഡൗൺ: നാട്ടിൽ തിരികെയെത്താനുള്ള സംവിധാനമൊരുക്കണം; രോഷാകുലരായ കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾക്ക് തീയിട്ടു