അടുത്ത വര്‍ഷം ജനുവരിയില്‍ എത്തുന്ന രീതിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2

തമിഴ് സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇന്ത്യന്‍ 2. ഷങ്കറിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ സീക്വല്‍ ആണ് ചിത്രം. 2018 ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീണ്ടുപോയതാണ്. ചിത്രം സീക്വലില്‍ അവസാനിക്കില്ലെന്നും ഒരു മൂന്നാം ഭാഗം ഉണ്ടായിരിക്കുമെന്നും കമല്‍ ഹാസന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും. മൂന്നാം ഭാഗത്തിന്‍റെ റിലീസ് സംബന്ധിച്ച കൗതുകകരമായ ഒരു വിവരം കൂടി കമല്‍ ഹാസന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.

അടുത്ത വര്‍ഷം ജനുവരിയില്‍ എത്തുന്ന രീതിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മില്‍ നടന്ന ഐപിഎല്‍ മാച്ചിന്‍റെ സമയത്ത് നടന്ന പ്രൊമോഷണല്‍ പരിപാടിയിലാണ് കമല്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഇന്ത്യന്‍ 2 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണെന്നും 2025 ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും കമല്‍ പറഞ്ഞു. ഇന്ത്യന്‍ 2 എത്തിയാല്‍ ആറ് മാസത്തിനപ്പുറം ഇന്ത്യന്‍ 3 റിലീസ് ചെയ്യുമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. സംവിധായകന്‍ ഷങ്കറും കമലിനൊപ്പം ഐപിഎല്ലിന്‍റെ തമിഴ് കമന്‍ററി ബോക്സില്‍ എത്തിയിരുന്നു.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്‍മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്.

ALSO READ : 'മന്ദാകിനി' ഫൈനല്‍ മിക്സിം​ഗ് പൂര്‍ത്തിയായി; 24 ന് തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം