ചെന്നൈ: തമിഴ്നാട്ടിൽ മൂന്നാം മുന്നണി ലക്ഷ്യമിട്ട് നടൻ കമൽഹാസൻ. താരസഖ്യത്തിന് രജനീകാന്തിന്റെ പിന്തുണക്കായി താത്പര്യം പ്രകടിപ്പിച്ചു. രജനീകാന്ത് പാർടി പ്രഖ്യാപിച്ചില്ലെങ്കിൽ വ്യക്തിപരമായ പിന്തുണ തേടുമെന്ന് കമൽഹാസൻ പറഞ്ഞു. പാർട്ടി പ്രഖ്യാപനത്തിന് രജനീകാന്തിനെ നിർബന്ധിക്കില്ല. രജനീകാന്തിന്റെ ആരോഗ്യം തന്നെയാണ് പ്രധാനം. എന്നാൽ നല്ല ആളുകളെ ഒപ്പം നിർത്തേണ്ടത് ജനാധിപത്യത്തിന്റെ കടമയാണ്. മൂന്നാം മുന്നണിയാണ് ലക്ഷ്യമിടുന്നത്. അഴിമതിയില്ലാത്ത നല്ല ആളുകളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. മറ്റ് പാർട്ടികളിൽ അസംതൃപ്തരായ സത്യസന്ധരായ നേതാക്കളെ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ സഖ്യത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മുഴുവൻ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ല. രജനീകാന്തിനോടുള്ള തന്റെ സ്നേഹം എല്ലാവർക്കും അറിയാവുന്നതാണെന്നും കമൽഹാസൻ പറഞ്ഞു.