1998ലെ സൂപ്പർഹിറ്റ് ചിത്രമായ 'സമ്മർ ഇൻ ബത്‌ലഹേം' 27 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലെത്തുന്നു. സിബി മലയിൽ സംവിധാനം ചെയ്ത് രഞ്ജിത്ത് തിരക്കഥയൊരുക്കിയ ഈ ക്ലാസിക് ചിത്രം, 4K സാങ്കേതിക മികവോടെയാണ് റീ-റിലീസ് ചെയ്യുന്നത്.

സുരേഷ് ​ഗോപി, ജയറാം, മഞ്ജു വാര്യർ, മോഹൻലാൽ, കലാഭവൻ മണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി സൂപ്പർ ഹിറ്റായി മാറിയ സമ്മർ ഇൻ ബത്‌ലഹേം നാളെ വീണ്ടും തിയറ്ററുകളിൽ. പുത്തൻ സാങ്കേതിക മികവോടെ പടം തിയറ്ററിൽ എത്തുന്ന സന്തോഷം മോഹൻലാൽ പങ്കുവച്ചു. 27 വർഷങ്ങൾക്ക് ശേഷമാണ് സമ്മർ ഇൻ ബത്‌ലഹേമിന്റെ റീ റിലീസ്.

1998ൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ എമോഷണൽ എവർഗ്രീൻ ക്ളാസിക്കാണ്. സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം ഗംഭീര വിജയം നേടിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്.

സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്ന ഈ ചിത്രം വീണ്ടും ആ സ്വരങ്ങളിൽ ജീവിതം വീണ്ടെടുക്കുകയാണ്. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ റിലീസ് സമയത്ത് ഏറെ ജനപ്രീതി നേടിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്‌:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്