ആദിപുരുഷിന് ശേഷം പ്രഭാസിന്‍റേതായി പുറത്തെത്താനിരിക്കുന്നത് രണ്ട് ചിത്രങ്ങള്‍
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് പ്രഭാസ്. തെലുങ്ക് താരമായിരുന്ന പ്രഭാസിനെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തിയത് എസ് എസ് രാജമൌലിയുടെ ബാഹുബലി ഫ്രാഞ്ചൈസി ആയിരുന്നു. ബാഹുബലിക്ക് ശേഷം വന്ന ഓരോ പ്രഭാസ് ചിത്രവും വന്‍ ബിസിനസ് മുന്നില്‍ക്കണ്ട് വലിയ മുടക്കുമുതലിലാണ് ഒരുങ്ങുന്നത്. എന്നാല്‍ അവയ്ക്കൊന്നും ബാഹുബലി നേടിയ വിജയത്തിന്‍റെ ഏഴയലത്ത് എത്താനായില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രം ആദിപുരുഷിനും നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. എന്നാല്‍ പുറത്തെത്താനിരിക്കുന്ന രണ്ട് ചിത്രങ്ങളിലൂടെ ഹിറ്റ് വറുതി പ്രഭാസ് തീര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സലാര്‍, നാഗ് അശ്വിന്‍റെ പ്രോജക്റ്റ് കെ എന്നിവയാണ് ആ രണ്ട് ചിത്രങ്ങള്‍. ഇപ്പോഴിതാ പ്രോജക്റ്റ് കെ സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി എന്നിവരൊക്കെ ഭാഗമാകുന്ന ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍താരം കൂടി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കമല്‍ ഹാസന്‍റെ പേരാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട് പലകുറി കേട്ടത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാവും കമല്‍ എത്തുകയെന്നും വന്‍ പ്രതിഫലമാണ് ഇതിനായി വാങ്ങുന്നതെന്നുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കമല്‍ ഹാസന്‍റെ സാന്നിധ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്.
തങ്ങളുടെ ചിത്രത്തിലേക്ക് കമല്‍ ഹാസനെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ഈ നിമിഷം എന്‍റെ ഹൃദയത്തില്‍ എക്കാലത്തേക്കും പതിഞ്ഞ് കിടക്കും. പ്രോജക്റ്റ് കെയില്‍ കമല്‍ ഹാസന്‍ സാറുമൊത്ത് പ്രവര്‍ത്തിക്കാനാവുന്നതുതന്നെ ഒരു ബഹുമതിയാണ്. വാക്കുകള്‍ക്ക് അതീതമാണ് അത്. സിനിമയിലെ ഈ അതികായനില്‍ നിന്ന് പഠിക്കാനും വളരാനും ലഭിക്കുന്ന അവസരം സ്വപ്നം യാഥാര്‍ഥ്യമാകുന്ന നിമിഷമാണ്, വീഡിയോ പങ്കുവച്ചുകൊണ്ട് പ്രഭാസ് ട്വിറ്ററില്‍ കുറിച്ചു.
ALSO READ : അന്ന് മത്സരാര്‍ഥിയും വിധികര്‍ത്താവും; ഇന്ന് സഹമത്സരാര്‍ഥികളായി സെറീനയും ഷിജുവും: വീഡിയോ

