Asianet News MalayalamAsianet News Malayalam

'അതാണ് മലയാള സിനിമ എനിക്ക് തന്നത്'; വിജയ് സേതുപതിയോട് കമല്‍ ഹാസന്‍

വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ദാഹം താങ്കളില്‍ കാണുന്നുണ്ടെന്നും ഏറെക്കാലത്തിനു ശേഷമാണ് അത്തരമൊരു അഭിനേതാവിനെ കാണുന്നതെന്നും വിജയ് സേതുപതിയോട് കമല്‍ ഹാസന്‍ പറഞ്ഞു. 

kamal haasan to vijay sethupathi about importance of malayalam movies in his career
Author
Thiruvananthapuram, First Published May 2, 2020, 11:25 PM IST

അഭിനയകലയുടെ പടികള്‍ പലത് തനിക്കു കയറാനായതില്‍ മലയാളസിനിമയ്ക്കുള്ള പങ്ക് പറഞ്ഞ് കമല്‍ ഹാസന്‍. വിജയ് സേതുപതിയുമൊത്തുള്ള ലൈവ് സംഭാഷണത്തിലാണ് കമലിന്‍റെ പ്രതികരണം. കമലിന്‍റെ അഭിനയശൈലിയെക്കുറിച്ചും കഥാപാത്രങ്ങളാവാന്‍ നടത്താറുള്ള അര്‍‌പ്പണമെത്തുറിച്ചുമുള്ള സേതുപതിയുടെ ചോദ്യത്തിനാണ് അദ്ദേഹം മലയാള സിനിമയോട് തനിക്കുള്ള കടപ്പാടിനെക്കുറിച്ച് പറഞ്ഞത്. 

"അഭിനയകലയെക്കുറിച്ചുള്ള പാഠങ്ങള്‍  രണ്ടിടങ്ങളില്‍ നിന്നാണ് എനിക്ക് കിട്ടിയത്. സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നും. ഒരിക്കല്‍ എന്‍റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നു. കെ ബാലചന്ദറിന്‍റെ ചിത്രങ്ങള്‍ ഒഴിച്ചാല്‍ തമിഴില്‍ നിന്ന് ആവേശകരമായ അവസരങ്ങളൊന്നും കിട്ടുന്നില്ലെന്ന്. എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹമപ്പോള്‍ ചോദിച്ചു. മലയാളസിനിമ എനിക്കു ചില ഗംഭീര സ്ക്രിപ്റ്റുകള്‍ ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അവയില്‍ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അതാണ് ഞാന്‍ ചെയ്‍തതും. വ്യത്യസ്ത കഥാപാത്രങ്ങളായി തങ്ങളുടെ പ്രിയതാരങ്ങള്‍ പരീക്ഷണത്തിനു തയ്യാറാവുന്നത് മലയാളസിനിമാ പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്", കമല്‍ ഹാസന്‍ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kamal Haasan (@ikamalhaasan) on May 2, 2020 at 1:06am PDT

വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ദാഹം താങ്കളില്‍ കാണുന്നുണ്ടെന്നും ഏറെക്കാലത്തിനു ശേഷമാണ് അത്തരമൊരു അഭിനേതാവിനെ കാണുന്നതെന്നും വിജയ് സേതുപതിയോട് കമല്‍ ഹാസന്‍ പറഞ്ഞു. വിജയ് സേതുപതിയുടെ തിരഞ്ഞെടുപ്പുകളെയും കമല്‍ പ്രശംസിച്ചു. "നിങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്ന് പറയാം. കമേഴ്‍സ്യല്‍ മാര്‍ക്കറ്റിനു പിന്നാലെ പായുന്നില്ല എന്നതാണ് അത്. കൗതുകമുണര്‍ത്തുന്ന തിരക്കഥകളുടെ പിന്നാലെയാണ് നിങ്ങളുടെ സഞ്ചാരം. കാലക്രമേണ വിജയം നിങ്ങളുടെ പിന്നാലെ വരും. ശ്രമങ്ങളൊന്നും വിഫലമാവില്ല", കമല്‍ ഹാസന്‍ പറഞ്ഞു. ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന ലൈവ് സംഭാഷണത്തിന് വലിയ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്.

Follow Us:
Download App:
  • android
  • ios