നീനാ കുറുപ്പ് ആണ് അന്വേഷണ ഉദ്യോഗസ്ഥയുടെ റോളിൽ എത്തുന്നത്. 

രജീഷ് നിരഞ്‍ജൻ

പേര് - സുമുഖൻ, പണി മോഷണം. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണല്ലോ, ഒടുവിൽ പണയതട്ടിപ്പിന് ഇയാളും കുടുങ്ങി - കനകമെന്ന് കരുതി മോഷ്‍ടിച്ചത് തനി മുക്കുപണ്ടം!. അതറിയാതെ പണയം വയ്ക്കാൻ ചെന്നപ്പോഴാണ് അകത്തായത്. 

രണ്ട് അരക്കള്ളന്മാരും പരാതിക്കാരില്ലാത്ത ഒരു കേസും. പൊലീസിനെ നക്ഷത്രമെണ്ണിച്ച ഒരു കേസന്വേഷണത്തിൻ്റെ ഉദ്വേകജനകമായ കഥ പറയുന്ന വെബ് സിനിമയാണ് കനകം മൂലം. ജൂൺ 19ന് റൂട്‍സ് വീഡിയോ എന്ന ഒടിടി പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്യുന്നു.

സ്വർണക്കട മുതലാളിയുടെ വീട്ടിൽ നിന്നാണ് കള്ളന് മുക്കുപണ്ടം കിട്ടിയത് എന്നതാണ് കഥയുടെ ട്വിസ്റ്റ്. മോഷ്‍ടിച്ച മാല സ്വർണമാണെന്ന് കരുതി പണയം വയ്ക്കാൻ ചെന്ന സുമുഖനെ പോലീസ് പൊക്കി കോടതിയിലെത്തിച്ചതോടെ ആണ് തട്ടിപ്പിന്റെ യഥാർത്ഥ മുഖം വെളിവാകുന്നത്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് സുമുഖൻ എന്ന പൊലീസിന്റെ തിരിച്ചറിവിൽ നിന്നാണ് കഥ പുരോഗമിക്കുന്നത്. കക്കാൻ പോയ വീടിന്റെ ജനലിലൂടെ കള്ളൻ കണ്ട കാഴ്ച മറ്റൊരു വലിയ തട്ടിപ്പിന്റെ ദുരൂഹതയിലേക്ക് വെളിച്ചംവീശുന്നു. മാല നഷ്‍ടപ്പെട്ടിട്ടും ഉടമസ്ഥർക്ക് പരാതിയില്ലാത്തതും, കുറ്റക്കാരൻ എന്ന് സംശയിക്കപ്പെടുന്നയാൾക്ക് സ്വയം തെളിവ് നൽകാൻ നിയമാബാധ്യത ഇല്ലാത്തതുമാണ് പോലീസിനെ കുഴക്കുന്നത്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ചിത്രീകരിച്ച സിനിമയിൽ സിനിമാ- സീരിയൽ താരം നീനാ കുറുപ്പ് ആണ് അന്വേഷണ ഉദ്യോഗസ്ഥയുടെ റോളിൽ എത്തുന്നത്. ഹാരിസ് മണ്ണഞ്ചേരിയാണ് നായകൻ. കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

തിരുമഠത്തിൽ ഫിലിംസിന്റെ ബാനറില്‍ ബേബി മോൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധാനം സനീഷ് കുഞ്ഞുകുഞ്ഞും അഭിലാഷ് രാമചന്ദ്രനും ചേർന്ന് നിർവഹിച്ചിരിക്കുന്നു. സനീഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്.

സുനില്‍ കളത്തൂര്‍, ജഗദീഷ് തേവലപ്പറമ്പ്, ബിനോയ് പോൾ, കെ ജയകൃഷ്‍ണന്‍, പ്രദീപ് കെ എസ്. പുരം, മുഹമ്മദ് സാലി, നിരീഷ് ഗോപാലകൃഷ്‍ണന്‍, ഐശ്വര്യ അനില്‍, സൂര്യ സുരേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കടുംകാപ്പിയെന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ലിബാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. അമൽ രാജു, അഭിജിത്ത് ഉദയകുമാർ എന്നിവർ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.