ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയ ചിത്രം
നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‍ത കനകം കാമിനി കലഹം (Kanakam Kaamini Kalaham) എന്ന ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തിയ ചിത്രമാണ് ഇത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് ആയിരുന്നു റിലീസ്. നാളെ (27 ഞായറാഴ്ച) വൈകുന്നേരം 4 മണിക്കാണ് ഏഷ്യാനെറ്റിലെ ടെലിവിഷന്‍ പ്രീമിയര്‍.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന വന്‍ പ്രേക്ഷക സ്വീകാര്യത നേടിയ അരങ്ങേറ്റ ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‍ത ചിത്രമാണ് കനകം കാമിനി കലഹം. ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ പവിത്രന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചത്. ഗ്രേസ് ആന്‍റണിയാണ് നായിക. ഹരിപ്രിയ എന്ന സീരിയല്‍ നടിയെയാണ് ഗ്രേസ് രസകരമാക്കിയിരിക്കുന്നത്. ഹരിപ്രിയക്കും തനിക്കുമിടയില്‍ ഉണ്ടാവുന്ന ഒരു പ്രശ്നത്തിനു വളഞ്ഞ വഴിയിലൂടെ പവിത്രൻ പരിഹാരം കണ്ടെത്തുന്നതും അത് പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ അതിൽ നിന്നും താത്കാലിക രക്ഷയ്ക്ക് മൂന്നാറിലേക്ക് യാത്ര ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ആദ്യ ഭാഗം. അവിടെ അവർ താമസിക്കുന്ന ‘ഹിൽ ടോപ്പ്’ ഹോട്ടലിൽ വച്ച് മോഷണത്തിനിരയാകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ രണ്ടാംപകുതി.
വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. യാക്സൻ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണം സംഗീത സംവിധാനം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈ ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം മെൽവി ജെ,മേക്കപ്പ് ഷാബു പുൽപ്പള്ളി.
അതേസമയം രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ അടുത്ത ചിത്രത്തില്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. ന്നാ താന്‍ കേസ് കൊട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. ഫെബ്രുവരി 26നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.
