ടി ഊര്‍മിള മതോം‍ഡ്‍കർക്കെതിരെ വിമര്‍ശനവുമായി വീണ്ടും കങ്കണ റണാവത്ത്. ഊര്‍മിള മൂന്ന് കോടി രൂപക്ക് ഓഫീസ് വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പരിഹാസവുമായി കങ്കണ രം​ഗത്തെത്തിയത്. ഊര്‍മിളയെ ട്രോളുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. ബിജെപിയെ സന്തോഷിപ്പിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാന്‍ സ്മാര്‍ട്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്. 

“പ്രിയപ്പെട്ട ഊര്‍മിള ജീ, ഞാന്‍ എന്റെ സ്വന്തം അദ്ധ്വാനത്തില്‍ നിര്‍മിച്ച വീട് കോണ്‍ഗ്രസ് തകര്‍ത്തു. ബിജെപിയെ സന്തോഷിപ്പിച്ചതുകൊണ്ട് എനിക്ക് കിട്ടിയത് 25-30 കോടതി കേസുകളാണ്. നിങ്ങളെ പോലെ സ്മാര്‍ട്ടായി കോണ്‍ഗ്രസിനെ സന്തോഷിപ്പിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ എന്തൊരു മണ്ടിയാണല്ലേ?“ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

പിന്നാലെ കങ്കണയ്ക്ക് മറുപടിയുമായി ഊര്‍മിളയും രംഗത്തെത്തി. വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമായാണ് താന്‍ പ്രോപ്പര്‍ട്ടി വാങ്ങിയതെന്നും അതിന്റെ തെളിവ് താന്‍ ഹാജരാക്കാം എന്നുമാണ് ഊര്‍മിള പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്. ബോളിവുഡിലെ ഡ്രഗ് ഡീലര്‍മാരുടെ പേര് പുറത്തുവിടണമെന്നും കങ്കണയോട് ഊര്‍മിള ആവശ്യപ്പെട്ടു.

നേരത്തെ  ഊര്‍മിളയെ സോഫ്റ്റ് പോണ്‍ നായിക എന്നാണ് കങ്കണ വിളിച്ചിരുന്നു. തുടര്‍ന്ന് കങ്കണയ്‌ക്കെതിരെ ബോളിവുഡിലെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഡിസംബറിലാണ് ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നത്.