സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ബോളിവുഡ് ചിത്രം
ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയ ദീപിക പദുകോണ്‍ (Deepika Padukone) ചിത്രം ഗെഹ്‍രായിയാമിനെ (Gehraiyaan) വിമര്‍ശിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത് (Kangana Ranaut). താനും ഒരു മില്ലെനിയല്‍ ആണെന്നും എന്നാല്‍ തങ്ങളുടെ തലമുറയുടേതെന്ന പേരില്‍ ചവറ് ചിത്രങ്ങളാണ് പുറത്തിറങ്ങുന്നതെന്നും കങ്കണ കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ പ്രതികരണം.
"ഞാനും ഒരു മില്ലെനിയല്‍ ആണ്. ഈ തരത്തിലുള്ള പ്രണയത്തെ എനിക്ക് തിരിച്ചറിയാനും മനസിലാക്കാനും സാധിക്കും. പുതുതലമുറ/ മില്ലെനിയല്‍/ നാഗരിക ചിത്രങ്ങളെന്ന പേരില്‍ ദയവായി ചവറ് വില്‍ക്കരുത്. മോശം ചിത്രങ്ങളെന്നാല്‍ മോശം ചിത്രങ്ങള്‍ തന്നെയാണ്. വസ്ത്രം കുറച്ചതുകൊണ്ടോ പോണോഗ്രഫി കൊണ്ടോ അതിനെ രക്ഷിച്ചെടുക്കാനാവില്ല. അതൊരു അടിസ്ഥാനപരമായ വസ്‍തുതയാണ്. 'ആഴക്കാര്‍'ക്ക് (Gehraiyaan wali) അത് മനസിലാവില്ല", കങ്കണ കുറിച്ചു. ഹിമാലയ് കി ഗോദ് മേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗവും കുറിപ്പിനൊപ്പം കങ്കണ പങ്കുവച്ചിട്ടുണ്ട്. വിജയ് ഭട്ടിന്‍റെ സംവിധാനത്തില്‍ 1965ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മനോജ് കുമാര്‍ ആണ് നായകന്‍. മനോജ് അവതരിപ്പിച്ച ഡോ. സുനില്‍ മെഹ്‍റ എന്ന കഥാപാത്രം തന്‍റെ വിവാഹ നിശ്ചയത്തിനു ശേഷം മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുകയാണ്.
വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ഗെഹ്‍രായിയാം. ഷകുന്‍ ബത്രയുടെ സംവിധാനത്തിലെത്തിയ ചിത്രം ആമസോണ്‍ പ്രൈമിലൂടെ 11നാണ് എത്തിയത്. എന്നാല്‍ സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. സിദ്ധാന്ത് ചതുര്‍വേദി, അനന്യ പാണ്ഡേ, ധൈര്യ കര്‍വ, നസീറുദ്ദീന്‍ ഷാ, രജത് കപൂര്‍, വിഹാന്‍ ചൗധരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
