"ഒരു അഭിനേത്രി എന്ന നിലയില്‍ ഞാന്‍ കാഴ്ചവെക്കുന്ന റേഞ്ച് നിലവില്‍ ലോകത്ത് മറ്റൊരു നടിക്കുമില്ല. പല അടരുകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മെറില്‍ സ്ട്രീപ്പിനെപ്പോലെ കഴിവുണ്ട് എനിക്ക്.."

ഒരു നടി എന്ന നിലയില്‍ സ്വന്തം പ്രകടനം ലോകത്തെതന്നെ ഏറ്റവും മികച്ചതെന്ന് ബോളിവുഡ് താരം കങ്കണ റണൗത്ത്. തുറന്നടിച്ച പരാമര്‍ശങ്ങളിലൂടെയും നിലപാടുകളിലൂടെയും സമീപകാലത്ത് നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള കങ്കണയുടെ പുതിയ അഭിപ്രായപ്രകടനവും ട്വിറ്ററില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. താന്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായി എത്തുന്ന 'തലൈവി', ചിത്രീകരണം പുരോഗമിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ 'ധാക്കഡ്' എന്നീ ചിത്രങ്ങളിലെ തന്‍റെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് കങ്കണയുടെ അഭിപ്രായപ്രകടനം.

"ഒരു അഭിനേത്രി എന്ന നിലയില്‍ ഞാന്‍ കാഴ്ചവെക്കുന്ന റേഞ്ച് നിലവില്‍ ലോകത്ത് മറ്റൊരു നടിക്കുമില്ല. പല അടരുകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മെറില്‍ സ്ട്രീപ്പിനെപ്പോലെ കഴിവുണ്ട് എനിക്ക്. അതേസമയം ഗാല്‍ ഗദോത്തിനെപ്പോലെ ആക്ഷനും ഗ്ലാമറും ചെയ്യാനും എനിക്കു സാധിക്കും", എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കങ്കണയുടെ ട്വീറ്റ്. 

Scroll to load tweet…

'തലൈവി'യിലെയും 'ധാക്കഡി'ലെയും തന്‍റെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മറ്റൊരു ട്വീറ്റും കങ്കണ നടത്തിയിട്ടുണ്ട്. "ഭൂമിയിലെ മറ്റേതെങ്കിലും ഒരു നടിക്ക് എന്നേക്കാള്‍ കഴിവുണ്ടെന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍, എന്‍റെ അഹങ്കാരം ഞാന്‍ അവസാനിപ്പിക്കുമെന്ന് ഞാന്‍ വാക്കുതരുന്നു. ആ ചര്‍ച്ചകള്‍ക്ക് ഞാന്‍ തയ്യാറാണ്. അതുവരെ അഭിമാനബോധത്തിന്‍റെ ആഡംബരം വഹിക്കാന്‍ എനിക്ക് തീര്‍ച്ഛയായും സാധിക്കും", എന്നാണ് അത്.

ട്വിറ്ററില്‍ തന്നെ വന്നിട്ടുള്ള തെരഞ്ഞെടുത്ത വിമര്‍ശനങ്ങള്‍ക്ക് കങ്കണ മറുപടിയും നല്‍കിയിട്ടുണ്ട്. മെറില്‍ സ്ട്രീപ്പുമായി സ്വയം ഉപമിച്ചതിനുള്ള ഒരു വിമര്‍ശനത്തോടുള്ള അവരുടെ പ്രതികരണം ഇങ്ങനെ- "വെളുത്ത ആളുകളെ നമ്മള്‍ എന്തുകൊണ്ട് ആരാധിക്കുന്നു എന്ന് സത്യമായും എനിക്ക് അറിയണമെന്നുണ്ട്. അവരുടെ ബജറ്റും നമ്മുടെ പ്രായവ്യത്യാസവും മറക്കുക. അഭിനയത്തെക്കുറിച്ചു മാത്രം പറയുക. അവര്‍ക്ക് (മെറില്‍ സ്ട്രീപ്പിന്) തലൈവിയും ധാക്കഡും ചെയ്യാനാവുമോ? ക്വീനും തനുവും? ഫാഷനും പങ്കയും? കായയും ഡാറ്റോയും? അവര്‍ക്ക് കഴിയില്ല എന്നാണ് ഇത്തരം. പിന്നെ എന്തുകൊണ്ടാണ് ആഴത്തില്‍ വേരുകളുള്ള ഈ അപകര്‍ഷതയില്‍ നിന്ന് പുറത്തുകടക്കാനാവാത്തത്?", കങ്കണ കുറിച്ചു.