'ധാക്കഡി'നു ശേഷം കങ്കണ അഭിനയിക്കുന്ന ചിത്രമാണ് തേജസ്

ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയില്‍ (Cellular Jail) സന്ദര്‍ശിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത് (Kangana Ranaut). ശര്‍വേഷ് മെവാന സംവിധാനം ചെയ്യുന്ന 'തേജസ്' (Tejas) എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആന്‍ഡമാനില്‍ എത്തിയതായിരുന്നു കങ്കണ. സെല്ലുലാര്‍ ജയിലില്‍ വി ഡി സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്ലിലെത്തിയ കങ്കണ അവിടെനിന്നുള്ള ചിത്രങ്ങളും അനുഭവവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

അവിടം എന്നെ ഉലച്ചുകളഞ്ഞു. ക്രൂരമായ ഓരോ നടപടിയെയും നിശ്ചയദാര്‍ഢ്യത്തോടെയാണ് അദ്ദേഹം നേരിട്ടത്. കടലിന് നടുക്കുള്ള ഒരു ദ്വീപില്‍ നിന്ന് രക്ഷപെടല്‍ അസാധ്യമായിരുന്നെങ്കിലും കനത്ത ചുവരുകളുള്ള ഒരു ജയിലിലെ ഒരു കുടുസ്സു മുറിക്കുള്ളില്‍ ചങ്ങലകളാല്‍ ബന്ധനസ്ഥനാക്കിയാണ് അവര്‍ അദ്ദേഹത്തെ പാര്‍പ്പിച്ചത്, അല്ലാത്തപക്ഷം അദ്ദേഹം പറന്നുപോകും എന്നതുപോലെ. ഭീരുക്കള്‍! കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View post on Instagram

അതേസമയം 'ധാക്കഡി'നു ശേഷം കങ്കണ അഭിനയിക്കുന്ന ചിത്രമാണ് തേജസ്. ഒരു വ്യോമസേനാ പൈലറ്റിന്‍റെ വേഷത്തിലാണ് കങ്കണ ചിത്രത്തില്‍ എത്തുന്നത്. മണികര്‍ണിക റിട്ടേണ്‍സ്, ദി ലെജന്‍ഡ് ഓഫ് ദിദ്ദ, എമര്‍ജന്‍സി എന്നിവയാണ് കങ്കണയ്ക്ക് പൂര്‍ത്തിയാക്കാനുള്ള മറ്റു പ്രോജക്റ്റുകള്‍. ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും കങ്കണയ്ക്കായിരുന്നു. മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്‍കാരം ലഭിച്ചത്.