ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയ്ക്ക് യുട്യൂബില്‍ ഇതിനകം ഒരു കോടി കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്
തമിഴ് സിനിമയില്‍ വലിയ പ്രീ റിലീസ് ഹൈപ്പില്‍ നില്‍ക്കുന്ന ഒന്നിലധികം പ്രോജക്റ്റുകള്‍ ഉണ്ട്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനാവുന്ന ലിയോ, നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനാവുന്ന ജയിലര്‍ എന്നിവയൊക്കെയായിരുന്നു അതിന്‍റെ മുന്‍നിരയില്‍. സൂര്യയെ നായകനാക്കി ശിവ ഒരുക്കുന്ന കങ്കുവ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് തുടങ്ങിയിട്ട് അധികം ദിവസങ്ങള്‍ ആയിട്ടില്ല. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ നിന്നാണ് ചിത്രം തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന റേഞ്ചിലുള്ള ഒന്നല്ലെന്ന് പ്രേക്ഷകര്‍ മനസിലാക്കി തുടങ്ങിയത്.
സൂര്യയുടെ പിറന്നാള്‍ ദിനത്തിന് തുടക്കം കുറിച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയ്ക്ക് യുട്യൂബില്‍ ഇതിനകം ഒരു കോടി കാഴ്ചകളാണ് ലഭിച്ചത്. വീഡിയോയില്‍ സൂര്യയുടെ നായക കഥാപാത്രവും ഉണ്ടായിരുന്നു. ബിഗ് കാന്‍വാസ് ബോളിവുഡ് ചിത്രങ്ങള്‍ പലപ്പോഴും വിഎഫ്എക്സ് ഗുണനിലവാരത്തിന്‍റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുമ്പോള്‍ നിലവാരമുള്ള ദൃശ്യസമ്പന്നതയിലാണ് ഈ തമിഴ് ചിത്രം എത്തുകയെന്നാണ് വീഡിയോ നല്‍കുന്ന പ്രതീക്ഷ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ഒരു പോരാളി, ഒരു നേതാവ്, ഒരു രാജാവ് എന്നീ വിശേഷണങ്ങളോടെയാണ് സൂര്യയുടെ നായക കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റര്‍ അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്ററിനും വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. അജിത്തിനെ നായകനാക്കി വീരവും വിശ്വാസവുമൊക്കെ ഒരുക്കിയിട്ടുള്ള ശിവയുടെ ചിത്രമാണിതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന തരത്തിലുള്ളതാണ് കങ്കുവയുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍. ദിഷ പഠാനി നായികയാവുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വെട്രി പളനിസാമിയാണ്. സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം മിലന്‍, ആക്ഷന്‍ സുപ്രീം സുന്ദര്‍, സംഭാഷണം മദന്‍ കാര്‍ക്കി.
ALSO READ : മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം; 200 കോടിയുടെ 'വൃഷഭ' തുടങ്ങി
