നാടക നടനും സംവിധായകനുമായ അഹമ്മദ് മുസ്ലീം അന്തരിച്ചു. അഹമ്മദ് മുസ്ലിമിന് ആദരവ് അര്‍പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി കനി കുസൃതി. എന്തൊരു നടൻ ആണ് അദ്ദേഹം. മാഷിനെ കാണാതെ കഴിയുന്ന ഓരോ നിമിഷവും പാഴായി പോകുന്നതു പോലെയായിരുന്നു. അദ്ദേഹം അഭിനയിക്കുന്നത്‌, ചിരിക്കുന്നത്‌, സംസാരിക്കുന്നത്‌ കാണുമ്പോൾ ഉണ്ടാകുന്ന എക്സ്റ്റസി ലോകത്ത്‌ മറ്റൊന്നിനും തരാൻ കഴിയില്ല എന്നറിയുന്നത്‌ കൊണ്ടുതന്നെ. 'അദ്ദേഹം മരിച്ചു പോയൊ'  എന്ന മെസേജ് രാവിലെ കണ്ടപ്പോൾ തന്നെ ഈ ലോകത്തിനെ മടക്കി വെച്ച്‌ മറ്റേങ്ങോട്ടെങ്കിലും പോകാൻ ശ്രമിക്കുന്നുവെന്നും കനി കുസൃതി പറയുന്നു.

കനി കുസൃതിയുടെ വാക്കുകള്‍

ചില മനുഷ്യരെ കണ്ടു തീർക്കാനാവില്ല. അനന്തമായി തുടരുന്നവർ. മനസ്സിൽ കൊതിയൂറും അവരെ കേട്ടാൽ. അഹമ്മദ്‌ മുസ്ലീം മാഷിനെ കണ്ട നാൾ മുതൽ തന്നെ അദ്ദേഹം ഒരു ദിവസം മരിച്ചു പോകുമല്ലോ എന്നോർത്ത്‌ ദുഖത്തിൽ തന്നെയാണു ഞാൻ. തീർത്തും സ്വാർത്ഥമായ ദുഖം.

മാഷിനെ കാണാതെ കഴിയുന്ന ഓരോ നിമിഷവും പാഴായി പോകുന്നതു പോലെ.
അദ്ദേഹം അഭിനയിക്കുന്നത്‌, ചിരിക്കുന്നത്‌, സംസാരിക്കുന്നത്‌ കാണുമ്പോൾ ഉണ്ടാകുന്ന എക്സ്റ്റസി ലോകത്ത്‌ മറ്റൊന്നിനും തരാൻ കഴിയില്ല എന്നറിയുന്നത്‌ കൊണ്ടുതന്നെ. എന്തൊരു നടൻ!

ഒരു മയക്കു മരുന്നിനോടെന്ന പോലെ ഞാൻ അദ്ദെഹത്തിനൊടു അടിമപ്പെട്ട്‌ കിടക്കുകയാണു. സൗന്ദര്യ ലഹരി ഒരുപക്ഷെ ആഴത്തിൽ മനസ്സിലായത്‌ മാഷിനെ കാണാൻ തുടങ്ങിയതിന്മേലാണു.

'അദ്ദേഹം മരിച്ചു പോയൊ' എന്ന ആതിരയുടെ മെസ്സേജ്‌ രാവിലെ കണ്ടപ്പോൾ തന്നെ ഈ ലോകത്തിനെ മടക്കി വെച്ച്‌ മറ്റേങ്ങോട്ടെങ്കിലും പോകാൻ ശ്രമിക്കുന്നു.