മരടിലെ പൊളിക്കപ്പെട്ട ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചതോടെ റിലീസ് നീളുകയായിരുന്നു. 

രട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം(kannan thamarakkulam) സംവിധാനം ചെയ്യുന്ന ‘വിധി:ദി വെര്‍ഡിക്റ്റ്’(vidhi: the verdict) എന്ന ചിത്രം നാളെ(ഡിസംബർ 30) തിയറ്ററുകളിൽ എത്തും. നേരത്തെ രണ്ട് തവണ റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. ‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. പിന്നാലെ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പേര് മാറ്റുക ആയിരുന്നു. ഉടുമ്പ് എന്ന ചിത്രത്തിന് ശേഷം റിലീസ് ചെയ്യുന്ന കണ്ണന്‍ താമരക്കുളത്തിന്റെ ചിത്രമാണ് വിധി. 

മരടിലെ പൊളിക്കപ്പെട്ട ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചതോടെ റിലീസ് നീളുകയായിരുന്നു. മാര്‍ച്ച് 19ന് തിയറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുന്‍സിഫ് കോടതി ചിത്രം തടഞ്ഞിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി വരികയും ചെയ്തു. 

ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം ദിനേശ് മാസ്റ്റര്‍. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. 

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായ മരട് ഫ്ലാറ്റ് പൊളിക്കല്‍ സംഭവത്തില്‍ 357 കുടുംബങ്ങള്‍ക്കായിരുന്നു കിടപ്പാടം നഷ്‍ടപ്പെട്ടത്.