ഏപ്രില്‍ 25 ആയിരുന്നു ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി

ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ബഹുഭാഷാ താരങ്ങളെ ഉള്‍പ്പെടുത്തുന്നത് ഇന്ന് പതിവാണ്. വിവിധ ഭാഷകളിലെ പ്രേക്ഷകരെയും ചിത്രത്തിലേക്ക് ആകര്‍ഷിക്കാം എന്നതാണ് ഇതിന് കാരണം. തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന അത്തരം ചിത്രങ്ങളിലൊന്നാണ് കണ്ണപ്പ. ഫാന്‍റസി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം മുകേഷ് കുമാര്‍ സിംഗ് ആണ്. വിഷ്ണു മഞ്ചു നായകനാവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ എന്നിങ്ങനെയാണ് അതിഥി താരങ്ങളുടെ നിര. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന അറിയിപ്പ് എത്തിയിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി നീട്ടും എന്നതാണ് അത്. 

ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ഒരു പ്രധാന എപ്പിസോഡില്‍ ഏറെ പ്രാധാന്യത്തോടെ വരുന്ന വിഎഫ്എക്സ് പൂര്‍ത്തിയാക്കാന്‍ കുറച്ച് ആഴ്ചകള്‍ കൂടി വേണ്ടിവരുമെന്നും അണിയറക്കാര്‍ അറിയിച്ചു. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ റിലീസ് നീളുമന്നും. ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇത് ഉടന്‍ അറിയിക്കുമെന്നും അണിയറക്കാരുടെ പ്രസ്താവനയില്‍ ഉണ്ട്.

ഒരു ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശിവഭഗവാനായി അക്ഷയ് കുമാര്‍ എത്തുന്ന ചിത്രത്തില്‍ പാര്‍വതീ ദേവിയായി എത്തുന്നത് കാജല്‍ അഗര്‍വാള്‍ ആണ്. രുദ്ര ആയാണ് പ്രഭാസ് എത്തുന്നത്. മോഹന്‍ ബാബു, ആര്‍ ശരത്‍കുമാര്‍, മധു, മുകേഷ് റിഷി, ബ്രഹ്‍മാജി, കരുണാസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണു മഞ്ചുവിന്‍റേതാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും.

ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; 'സമരസ' പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം