ചിത്രത്തിൽ ബ്രഹ്മാണ്ഡ യുദ്ധരംഗം അടക്കം ഉണ്ടെന്നാണ് വിവരം.
ചില സിനിമകൾ അങ്ങനെയാണ്, സൈലന്റായി വന്ന് ഹിറ്റടിച്ചങ്ങ് പോകും. അത്തരമൊരു സിനിമയായിരുന്നു കന്നഡ ചിത്രം കാന്താര. ഋഷഭ് ഷെട്ടി സംവിധായകനായും നായകനായും നിറഞ്ഞാടിയ ചിത്രം കേരളത്തിലടക്കം വൻ പ്രചുര പ്രചാരം നേടി. തിയറ്ററുകളിൽ ഗംഭീര വിഷ്വൽ ട്രീറ്റ് നൽകിയ ചിത്രത്തിന്റെ അടുത്ത ഭാഗവും നിലവിൽ അണിയറയിൽ ഒരുങ്ങുകയാണ്. കാന്താരയുടെ പ്രീക്വൽ ആണ് ഒരുങ്ങുന്നത്. അതായത് ആദ്യ ഭാഗം. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ബ്രഹ്മാണ്ഡ യുദ്ധരംഗം അടക്കം ഉണ്ടെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ.
കാന്താര പ്രീക്വലുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവിട്ട അനൗൺസ്മെന്റ് പോസ്റ്ററും ടീസറും അടക്കമുള്ളവ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് കാന്താര ചാപ്റ്റർ 1ന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഋഷഭ് ഷെട്ടിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചുള്ളതാണ് പോസ്റ്റർ. നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കയ്യിൽ മഴുവും പരിചയുമായി രൗദ്ര ഭാഗവത്തിലുള്ള ഋഷഭ് ഷെട്ടിയെ പോസ്റ്ററിൽ കാണാനാകും.
സിനിമ ഒക്ടോബർ 2ന് ലോകമെമ്പാടുമായി റിലീസ് ചെയ്യുമെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. മുൻ അപ്ഡേറ്റുകളെ പോലെ തന്നെ ഈ പോസ്റ്റും സിനിമാ പ്രേക്ഷകരിൽ വൻ ആവേശവും കാത്തിരിപ്പും ഉളവാക്കിയിട്ടുണ്ട്. ഈ വർഷം 1000 കോടി ക്ലബ്ബിൽ ഇടംനേടാൻ പോകുന്ന സിനിമയാണിതെന്നാണ് പ്രേക്ഷകരുടെ പ്രവചനങ്ങളും.
ആദ്യ ഭാഗത്തിൽ നിന്നും വിഭിന്നമായി വൻ ക്യാൻവാസിലാണ് കാന്താര ചാപ്റ്റർ 1 ഒരുക്കുന്നത്. 500 ഫൈറ്റർമാർ അണിനിരക്കുന്ന യുദ്ധരംഗവും സിനിമയിലുണ്ടാകുമെന്ന് പറയപ്പെടുന്നു. ഇതിനായി പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റർമാരും ഒന്നിച്ച് ചേരും. 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. 16 കോടി ആയിരുന്നു ബജറ്റ്. ഋഷഭ് ഷെട്ടി ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 125 കോടിയാണ് കാന്താര ചാപ്റ്റർ 1ന്റെ ബജറ്റ്.



