നടൻ പൃഥ്വിരാജും എതിര്‍ കക്ഷിയാണ്.


'കാന്താര’എന്ന കന്നഡ സിനിമയിലെ 'വരാഹരൂപം' ഗാനം പകർപ്പവകാശ കേസിൽ നിർമാതാവ് വിജയ് കിരഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നിൽ ഹാജരായി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലാണ് ഹാജരായത്. തൈക്കുടം ബ്രിഡ്‍ജ് നൽകിയ പരാതിയിലായിരുന്നു ഇവരെ ചോദ്യം ചെയ്‍തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണ് കേസിലുള്ളത്.

വിജയ് കിരഗന്ദൂർ, ഋഷഭ് ഷെട്ടി എന്നിവരോട് നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചെന്ന് പൊലീസ് അറിയിച്ചു. 'വരാഹരൂപം' ഉള്‍പ്പെട്ട 'കാന്താര' സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്‍തിരുന്നു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു സുപ്രിംകോടതിയുടെ നടപടി. ഫെബ്രുവരി 12,13 തീയതികളില്‍ രാവിലെ പത്തിനും ഒരു മണിക്കും ഇടയില്‍ പ്രതികളായ ചിത്രത്തിന്‍റെ നിര്‍മ്മാതാവും, സംവിധായകന്‍ ഋഷഭ് ഷെട്ടിയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നായിരുന്നു ഇന്ന് വിജയ് കിരഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജരാക്കി 50000 രൂപയുടെ പണം കെട്ടിവയ്ക്കുകയും, രണ്ട് ആള്‍ജാമ്യത്തിന്‍റെയും ബലത്തില്‍ ജാമ്യം നല്‍കാം എന്ന ജാമ്യ വ്യവസ്ഥ തുടരുമെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. 'നവരസം' ഗാനത്തിന്റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് എടുത്ത കേസിലാണ് 'കാന്താര'യുടെ പ്രവര്‍ത്തകര്‍ക്ക് കേരള ഹൈക്കോടതിയില്‍ ജാമ്യം ലഭിച്ചത്. പകര്‍പ്പവകാശം ലംഘിച്ചു എന്ന കേസില്‍ 'നവരസം' എന്ന ഗാനം ചിട്ടപ്പെടുത്തിയ തൈക്കുടം ബ്രിഡ്‍ജും, മാതൃഭൂമിയും നല്‍കിയ കേസില്‍ ഇടക്കാല വിധിയോ, വിധിയോ വരുന്നതുവരെ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്ന് മറ്റ് ഭാഷകളിലേക്കും എത്തിയിരുന്നു. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനായ ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തില്‍ നായകനായതും.

Read More: ചിരി നിറവില്‍ അജിത്ത്, സന്തോഷത്തിന്റെ കാരണം എന്തെന്ന് തിരക്കി ആരാധകര്‍