ബോളിവുഡ് താരം സഞ്ജയ് കപൂറിന്‍റെ മകള്‍ ഷനയ കപൂര്‍ വൃഷഭയില്‍ അഭിനയിക്കുന്നുണ്ട്

മോഹന്‍ലാലിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് വൃഷഭ. പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 2024 ലെ ഏറ്റവും വലിയ ഇന്ത്യന്‍ സിനിമകളില്‍ ഒന്നാകുമെന്നാണ് കരുതപ്പെടുന്നത്. ബജറ്റ് 200 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ചിത്രീകരണം ആരംഭിക്കുമെന്ന് കരുതപ്പെടുന്ന ചിത്രത്തെക്കുറിച്ച് ബോളിവുഡിനുള്ള പ്രതീക്ഷകള്‍ എത്രത്തോളമെന്ന് വെളിപ്പെടുത്തുന്നതാണ് പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്‍റെ വാക്കുകള്‍.

ബോളിവുഡ് താരം സഞ്ജയ് കപൂറിന്‍റെ മകള്‍ ഷനയ കപൂര്‍ വൃഷഭയില്‍ അഭിനയിക്കുന്നുണ്ട്. ഷനയയുടെ സിനിമാ അരങ്ങേറ്റവുമാണ് ഈ ബിഗ് കാന്‍വാസ് ചിത്രം. ഷനയയയുടെ സിനിമാ അരങ്ങേറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലാണ് വൃഷഭയെക്കുറിച്ചും കരണ്‍ ജോഹര്‍ പറയുന്നത്.

കരണ്‍ ജോഹറിന്‍റെ കുറിപ്പ്

"ചില യാത്രകള്‍ ആനുകൂല്യങ്ങള്‍ കൊണ്ടോ പാരമ്പര്യത്താലോ സംഭവിക്കുന്നതാണെന്ന് വിലയിരുത്തപ്പെടും. അത് ശരിയുമാണ്. പക്ഷേ നിന്നില്‍ ഞാന്‍ കണ്ടത് ഒരു യഥാര്‍ഥ കലാകാരിയെയാണ്. അത്രത്തോളം കഠിനമായി പ്രയത്നിച്ചതിനുശേഷം മാത്രമാണ് നീ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ഇത് നിനക്ക് ലഭിക്കുന്ന ഒരു ഗംഭീര അവസരമാണ്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഇതിഹാസമായ മോഹന്‍ലാല്‍ സാറില്‍ നിന്നും ഒരുപാട് പഠിക്കാനുള്ള അവസരം. കഥപറച്ചില്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊണ്ടും ലോകത്തെ തന്നെ അത്ഭുതപ്പെടുത്താന്‍ ശേഷിയുള്ള ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചയാവും വൃഷഭ. നിനക്ക് ഈ അവസരം നല്‍കിയതില്‍ ഒരു കുടുംബാംഗം എന്ന നിലയില്‍ മുഴുവന്‍ അണിയറക്കാരോടും ഞാന്‍കടപ്പെട്ടിരിക്കുന്നു. റോഷന്‍ മെക, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ്, പ്രിയങ്കരി ഏക്ത കപൂര്‍ നിങ്ങള്‍ എല്ലാവരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നീ പൊളിക്ക് പെണ്ണേ. അവസാന ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിക്കൂ. ഈ യാത്രയില്‍ മറ്റ് തടസങ്ങളില്‍ ശ്രദ്ധ മാറാതിരിക്കട്ടെ. നിന്‍റെ ഉത്സാഹം നിന്നെ നയിക്കും. വരാനിരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് നമുക്കറിയാം."

View post on Instagram

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണ് ഇത്. ബാഹുബലിയുടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിന് കരണ്‍ ജോഹറിന്‍റെ സാന്നിധ്യം എത്രത്തോളം സഹായകരമായോ അതേപോലെയാവും വൃഷഭ ടീമിലെ ഏക്ത കപൂറിന്‍റെ സാന്നിധ്യമെന്നാണ് വിലയിരുത്തല്‍. 

ALSO READ : 'അച്ചു'വും 'ഇജോ'യും വീണ്ടും ഒരുമിച്ച്; 'ക്വീന്‍ എലിസബത്ത്' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം