നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ ആരോപണങ്ങളുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. സുഹൃത്ത് ആദിത്യചോപ്രയ്ക്ക് വേണ്ടി കരണ്‍ ആണ് സുശാന്തിനെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നായിരുന്നു ആരോപണം.

എന്നാല്‍ ഈ ആരോപണത്തില്‍ കരണ്‍ ജോഹറിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ്. കരണ്‍ വിചാരിച്ചാല്‍ തൊഴില്‍ നല്‍കാനാകും  എന്നാല്‍ നശിപ്പിക്കാനാകില്ലെന്നാണ് കശ്യപ് പ്രതികരിച്ചത്. 

''എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കശ്യപിന്റെ പ്രതികരണം. ആദിത്യചോപ്രയുടെ യാഷ് രാജ് ഫിലിംസിനും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും നവാഗതരുടെ ഭാവി നിശ്ചയിക്കാനാകും. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന യാഷ്‌രാജ് ഫിലിംസ് അല്ല ഇപ്പോഴുള്ളത്. '' - കശ്യപ് പറഞ്ഞു. ''കരണ്‍ ജോഹറിന് ഒരു ആര്‍ട്ടിസ്റ്റിന് അവസരം നല്‍കി തൊഴില്‍ നല്‍കാന്‍ കഴിയും. എന്നാല്‍ അത് നശിപ്പിക്കാനാവില്ല''. 

സുശാന്തിന്റെ മരണത്തോടെ ബോളിവുഡില്‍ അകത്തുള്ളവരും പുറത്തുള്ളവരുമെന്ന വേര്‍തിരിവുണ്ടെന്ന് കൂടുതല്‍വ്യക്തമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ മക്കള്‍, ബന്ധുക്കള്‍ അടങ്ങിയ അകത്തുള്ളവരേക്കാള്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമാണ് സിനിമയുമായി യാതൊരു പശ്ചാത്തലവുമില്ലാത്ത പുറത്തുള്ളവര്‍ക്ക് ബോളിവുഡില്‍ പിടിച്ചുനില്‍ക്കാനാകൂ എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുറത്തുനിന്നുള്ളവര്‍ക്ക് കഴിഞ്ഞ 10 വര്‍ഷം മുമ്പ് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.