പുഷ്പയ്ക്കും, കാന്താരയ്ക്കും കിട്ടിയ വിജയം ഉത്തരേന്ത്യയില്‍ പിഎസ് 1 നേടിയില്ലല്ലോ എന്നതായിരുന്ന കാര്‍ത്തി നേരിട്ട ചോദ്യം. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

ചെന്നൈ: തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. മണി രത്നം തന്‍റെ സ്വപ്‍ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. അന്നു മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആരംഭിച്ചതാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഏപ്രില്‍ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് രാജ്യം മൊത്തം പ്രമോഷന്‍ പരിപാടിയിലാണ് അണിയറക്കാര്‍.

ഇപ്പോള്‍ ഇതാ പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1 എന്തുകൊണ്ട് ഉത്തരേന്ത്യയിലെ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെന്ന വിശദീകരണവുമായി നടന്‍ കാര്‍ത്തി രംഗത്ത് എത്തിയിരിക്കുന്നു. ഒരു പത്ര സമ്മേളനത്തിലാണ് കാര്‍ത്തി ഈ കാര്യം തുറന്നു പറഞ്ഞത്. ഉത്തരേന്ത്യക്കാര്‍ക്ക് കഥ പെട്ടെന്ന് മനസിലായിട്ടുണ്ടാകില്ലെന്നാണ് കാര്‍ത്തി പറയുന്നത്. 

പുഷ്പയ്ക്കും, കാന്താരയ്ക്കും കിട്ടിയ വിജയം ഉത്തരേന്ത്യയില്‍ പിഎസ് 1 നേടിയില്ലല്ലോ എന്നതായിരുന്ന കാര്‍ത്തി നേരിട്ട ചോദ്യം. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

“അവർക്ക് (ഉത്തരേന്ത്യന്‍ പ്രേക്ഷകർക്ക്) കഥ മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പിഎസ് 1ന് ഉത്തരേന്ത്യയില്‍ ലഭിച്ച സ്വീകാര്യത പരിശോധിച്ചപ്പോള്‍ എനിക്ക് തോന്നിയത് അതാണ്. നിരവധി കഥാപാത്രങ്ങളുടെ പേരുകളുള്ള ഒരു നോവൽ വായിക്കുന്നു എന്ന് കരുതുക. പത്താം പേജിൽ എത്തുമ്പോൾ അവയിൽ ചില പേരുകള്‍ നിങ്ങൾ മറന്നു പോയോക്കാം. പിഎസ് 1ന്‍റെ കാര്യത്തിലും ഇത്തരത്തില്‍ സംഭവിച്ചിരിക്കാം" - കാർത്തി പറഞ്ഞു.

എന്നാല്‍ പിഎസ് 1 ഒടിടിയില്‍ റിലീസ് ചെയ്ത ശേഷം നല്ല അഭിപ്രായം ലഭിച്ചെന്ന് കാര്‍ത്തി പറഞ്ഞു. "ഒടിടിയില് ചിത്രം കണ്ട ശേഷം അത് നല്ലതായി എടുത്തിട്ടുണ്ടെന്ന് പലരും പറഞ്ഞു. അതിനാൽ പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസ് ചെയ്യുമ്പോൾ മികച്ച രീതിയിലുള്ള പ്രതികരണം ഉത്തരേന്ത്യയില്‍ ലഭിക്കും" - കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

വന്തിയതേവന്‍ എന്ന കഥാപാത്രത്തെയാണ് പൊന്നിയിന്‍ സെല്‍വനില്‍ കാർത്തി അവതരിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ താൻ അങ്ങേയറ്റം ഭാഗ്യവാനാണെന്ന് കാര്‍ത്തി പറഞ്ഞു. “ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ നമ്മൾ ഓരോരുത്തരും ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു. എന്‍റ സിനിമയെക്കുറിച്ചോ ജോലിയെക്കുറിച്ചോ അമ്മ എന്നോട് സംസാരിക്കാറില്ല. പക്ഷേ എന്നെ പിഎസ്1 ല്‍ വന്തിയതേവനായി കണ്ടപ്പോൾ അമ്മ ത്രില്ലിലായി. അമ്മ അതിനെക്കുറിച്ച് കുറേ സംസാരിച്ചു" - കാര്‍ത്തി പറയുന്നു. 

നീണ്ട മുടിയും താടിയും, തീരെ മെലിഞ്ഞ രൂപം, വേറിട്ട ലുക്കിൽ വിക്രം; 'പി എസ്' ടീം ഫോട്ടോ വൈറൽ

'വീര രാജ വീര', 'പൊന്നിയിൻ സെല്‍വൻ' ഗാനത്തിന്റെ ഗ്ലിംപ്‍സ് പുറത്ത്